ന്യൂയോർക്ക് : ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പ്രാദേശിക സമയം ബുധനാഴ്ച്ച രാത്രി 9.58 നാണ് അപകടം. ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ടു വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലാഗ്വാർഡിയ വിമാനത്താവളത്തിലെ ഗേറ്റിൽ വിമാനം പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടം. കൂട്ടിയിടിക്കു പിന്നാലെ വിമാനത്തിന്റെ ചിറക് വേർപ്പെട്ടു. ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാർക്ക് ചെയ്യാൻ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചുകയറിയെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം രാത്രി 9:56 ഓടെയായിരുന്നു അപകടം.
സിബിഎസ് ന്യൂസ് റിപ്പോർട്ട് പ്രകാരം ഡൽറ്റയുടെ ഡിഎൽ 5047വിമാനവും മറ്റൊരു വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടം സംബന്ധിച്ചുള്ള വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
അപകടത്തിൽപ്പെട്ട എൻഡവർ ഫ്ലൈറ്റ് 5047 ൽ 61 പേരുണ്ടായിരുന്നു. ഇതിൽ 57 പേർ യാത്രക്കാരും നാലു ജീവനക്കാരുമായിരുന്നു. മറ്റേ വിമാനത്തിൽ 32 പേരുണ്ടായിരുന്നു. ഇതിൽ 28 പേർ യാത്രക്കാരും നാലു ജീവനക്കാരുമായിരുന്നു. കൂട്ടിയിടിയുടെ കാരണം ഇതുവരെ വ്യക്തമല്ല. യാത്രക്കാരെ ഉടൻ തന്നെ വിമാനങ്ങളിൽ നിന്ന് പുറത്തിറക്കി. ആവശ്യമുള്ള യാത്രക്കാർക്ക് ഹോട്ടൽ മുറികളും വ്യാഴാഴ്ച പുതിയ വിമാന ടിക്കറ്റുകളും നൽകുമെന്ന് ഡെൽറ്റ അറിയിച്ചു.
Planes collide at New York’s LaGuardia Airport, Delta Airlines planes collided













