തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുടെ വിഷയത്തിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു. തൊട്ടടുത്ത ദിവസം തന്നെ നേരിട്ട് ചർച്ച നടത്താമെന്ന് അദ്ദേഹം ബിനോയ് വിശ്വത്തെ അറിയിച്ചു. കടുത്ത തീരുമാനങ്ങൾ സിപിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുഖ്യമന്ത്രിയും ബിനോയ് വിശ്വവുമായുള്ള കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് നിലവിലെ വിവരം. ചർച്ചകൾക്ക് ശേഷം സിപിഐ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി അറിയേണ്ടത്.
അതേസമയം, പി.എം. ശ്രീ വിഷയത്തിൽ ചർച്ച ചെയ്യാൻ സി.പി.ഐ.എം.അടിയന്തര സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച ചേരും. മുഖ്യമന്ത്രി വിദേശത്തുനിന്ന് തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഈ നിർണ്ണായക നീക്കം.
സിപിഐ യും 27ന് സംസ്ഥാന നിർവാഹകസമിതി യോഗം വിളിച്ചിരിക്കുകയാണ്. അതിനുമുൻപ് ഒത്തുതീർപ്പുണ്ടാക്കാനാണ് ശ്രമം. നേരത്തെ, പി.എം. ശ്രീ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപുറമെ, ഡൽഹിയിൽവെച്ച് സി.പി.ഐ.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും ചർച്ച നടത്തിയിരുന്നു. സംസ്ഥാനതലത്തിൽ ചർച്ചചെയ്ത് പരിഹാരം കാണട്ടെയെന്നും പി.എം. ശ്രീ വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എം.എ. ബേബി പ്രതികരിച്ചിരുന്നു.
പി.എം. ശ്രീ വിഷയത്തിൽ പ്രതിരോധത്തിലായ സി.പി.ഐ.എം. പിന്നോട്ട് പോയേക്കുമെന്നും സൂചനയുണ്ട്. നാളെ രാവിലെ പത്ത് മണിക്ക് ചേരുന്ന സി.പി.ഐ.എം. അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുക്കും. സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ ആശങ്ക ബേബി സെക്രട്ടേറിയറ്റ് യോഗത്തെ അറിയിക്കും. തർക്കം നീളുന്നത് സർക്കാറിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് സി.പി.ഐ.എം. അനുനയ സാധ്യത തേടുന്നത്.
സിപിഐ പി.എം. ശ്രീ വിഷയത്തിൽ സി.പി.ഐ.എം. നിലപാടിന് വഴങ്ങിയേക്കുമെന്നും സൂചനകളുണ്ട്. വിഷയത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് ഇതുവരെ സിപിഐ സ്വീകരിച്ചിരുന്നത്. ബിനോയ് വിശ്വത്തിന് മേൽ കടുത്ത സമ്മർദ്ദമുണ്ടെങ്കിലും വിഷയത്തിൽ എങ്ങനെ പരിഹാരം കാണുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
PM Shri project: Chief Minister to persuade CPI; crucial discussions on Monday













