പിഎം ശ്രീ തർക്കം: നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ; കടുത്ത നിലപാടിലേക്ക്

പിഎം ശ്രീ തർക്കം: നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ; കടുത്ത നിലപാടിലേക്ക്

പിഎം ശ്രീ പദ്ധതി സംബന്ധിച്ച തർക്കം രൂക്ഷമായതോടെ കടുത്ത നിലപാടുമായി സി.പി.ഐ. രംഗത്ത്. അടുത്ത ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ. മന്ത്രിമാർ പങ്കെടുക്കില്ലെന്ന് സി.പി.ഐ. അറിയിച്ചു. ഇന്ന് ചേർന്ന സി.പി.ഐ. സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച സുപ്രധാന തീരുമാനം കൈക്കൊണ്ടത്. തർക്കം പരിഹരിക്കുന്നതിനായി സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചിരുന്നുവെങ്കിലും വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം നിലപാട് ആവർത്തിച്ചു.


മുഖ്യമന്ത്രി നേരത്തെ അറിയിച്ച കാര്യങ്ങൾ തന്നെയാണ് എം.എ. ബേബിയും ആവർത്തിച്ചത്. പദ്ധതിയിൽ മെല്ലെപ്പോക്ക് സ്വീകരിക്കാമെന്നും വിഷയം ഒരു ക്യാബിനറ്റ് സബ് കമ്മിറ്റിക്ക് വിടാമെന്നുമാണ് സി.പി.എം. മുന്നോട്ട് വെച്ച നിർദ്ദേശം. സമവായ ചർച്ചകളെക്കുറിച്ച് ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തു. എങ്കിലും, പിഎം ശ്രീ വിഷയത്തിൽ കടുത്ത നിലപാട് തുടരാനാണ് സി.പി.ഐ. തീരുമാനം. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനം മുന്നണിയിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സമവായ ചർച്ചകളും ശ്രമങ്ങളും തുടരാനാണ് നിലവിലെ തീരുമാനം.

Share Email
Top