കോഴിക്കോട്: പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനേത്തുടര്‍ന്ന് ഇടതുകക്ഷികള്‍ തമ്മിലുണ്ടായ ആദര്‍ശ പോരാട്ടത്തില്‍ സിപിഐക്ക് മേല്‍ക്കൈ. കേന്ദ്രവുമായി ഒപ്പുവെച്ച ധാരണാപത്രത്തില്‍നിന്ന് പിന്‍മാറാനുള്ള സന്നദ്ധത സിപിഎം അറിയിച്ചതോടെയാണ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വംതന്നെ ചോദ്യംചെയ്യപ്പെടാവുന്ന പ്രതിസന്ധിക്കു പരിഹാരമായത്. ധാരണാപത്രം ഒപ്പിട്ടസ്ഥിതിക്ക് ഏകപക്ഷീയമായി അതില്‍നിന്ന് പിന്മാറാനാകുമോ എന്ന ചോദ്യംനിലനില്‍ക്കുന്നു. കേന്ദ്രംകൂടി സമ്മതിച്ചാല്‍ പരസ്പര ധാരണയില്‍ പിന്മാറാന്‍ വകുപ്പുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള സിപിഐയുടെ ഉറച്ച തീരുമാനമാണ് സിപിഎമ്മിനെ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിതമാക്കിയത്. കേന്ദ്രവുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി സിപിഐ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്താനാണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്ന ധാരണ.
ആദ്യം മുതല്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരേ ശക്തമായ നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്. പിഎംശ്രീയും ദേശീയ വിദ്യാഭ്യാസ നയവും ആര്‍എസ്എസിന്റെ ഹിന്ദുത്വയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കാനുള്ള പദ്ധതിയാണെന്ന നിലപാട് അവര്‍ ഒരിക്കലും കൈവിട്ടില്ല.
സിപിഐയുടെ ഈ നിലപാട് സിപിഎമ്മിന് ഒരേസമയം ആശയപരവും രാഷ്ട്രീയവുമായ വെല്ലുവിളികൾ ഉയര്‍ത്തുന്നതായിരുന്നു. സിപിഐയെ എപ്പോഴത്തേയുംപോലെ കൈകാര്യംചെയ്യാമെന്ന ആത്മവിശ്വാസത്തില്‍, അതീവ രഹസ്യമായ നീക്കങ്ങളിലൂടെ ഡല്‍ഹിയില്‍വെച്ച് ധാരണാപത്രം ഒപ്പിടുകയായിരുന്നു സര്‍ക്കാര്‍. ഇത് വലിയൊരു വിശ്വാസവഞ്ചനയുടെ പ്രശ്‌നമായും കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമായുമാണ് സിപിഐ കണ്ടത്. എന്തുവിലകൊടുത്തും രാഷ്ട്രീയമായി ഇതിനെ നേരിടേണ്ടത് തങ്ങളുടെ അസ്തിത്വത്തിന്റെയും രാഷ്ട്രീയ നിലനില്‍പ്പിന്റെയും പ്രശ്‌നമായി അവര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെയാണ് മുന്നണിയിലും മന്ത്രിസഭയിലും തുടര്‍ന്നുകൊണ്ടുതന്നെ രാഷ്ട്രീയമായ പോരാട്ടത്തിന് അവര്‍ സന്നദ്ധമായത്.
PM Sri CPM gives CPI the upper hand by expressing willingness to withdraw from the MoU













