തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ മോഷണം പോയ സംഭവത്തിൽ, മുഖ്യപ്രതിയായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ശബരിമലയിലെ സ്വർണപ്പാളികൾ സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങിയത് അനന്തസുബ്രഹ്മണ്യമാണ്. ദേവസ്വം രജിസ്റ്ററുകളിൽ പോറ്റിയുടെ പേരിൽ ഒപ്പിട്ടതും ഇയാളാണ് സന്നിധാനത്ത് നിന്ന് ഏറ്റുവാങ്ങിയ സ്വർണപ്പാളികൾ ബംഗളൂരുവിലേക്കും അവിടെ നിന്ന് ഹൈദരാബാദിലെ നാഗേഷ് എന്നയാൾക്കും കൈമാറിയത് അനന്തസുബ്രഹ്മണ്യത്തിൻ്റെ നേതൃത്വത്തിലാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിന് ശേഷം അനന്തസുബ്രഹ്മണ്യത്തിൻ്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
സ്വർണക്കവർച്ച താൻ ഒറ്റയ്ക്ക് ചെയ്തതല്ലെന്നും ദേവസ്വം ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിൻ്റെ സുഹൃത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നാളെയോടെ കേസിൻ്റെ പ്രാഥമിക റിപ്പോർട്ട് എസ്.ഐ.ടി. കേരള ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.