തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ കഴിഞ്ഞ 10 വർഷം ദേവസ്വം ഭരിച്ച മൂന്നു മന്ത്രിമാരുടെയും പങ്ക് അന്വേഷിക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിമാർ അറിയാതെ ദേവസ്വം ബോർഡിൽ ഇലയനങ്ങില്ലെന്നും, നിലവിലെ ദേവസ്വം ബോർഡിനെ കൂടി പ്രതിപ്പട്ടികയിൽ ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി കേരളത്തിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു നടന്ന ആസൂത്രിത ഉന്നത തല മോഷണങ്ങളുടെ ഗൂഢാലോചനകളിൽ ദേവസ്വം മന്ത്രിമാരുടെ പങ്ക് വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. രണ്ട് ദേവസ്വം ബോർഡുകളിലെയും പ്രസിഡന്റുമാരും അംഗങ്ങളുമുൾപ്പെട്ട സംഘം ഇത്തരം ആസൂത്രിതമായ എല്ലാ കൊള്ളകൾക്കും പിന്നിൽ കാര്യമായ പങ്കു വഹിച്ചിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
നിലവിലെ സ്വർണമോഷണത്തിൽ പോലും എഫ്.ഐ.ആറിൽ 2019 ലെ ദേവസ്വം ബോർഡ് എന്നു മാത്രമേ പ്രതി ചേർത്തിട്ടുള്ളൂ. ദേവസ്വം പ്രസിഡന്റിനെയും അംഗങ്ങളെയും പേരെടുത്തു പറഞ്ഞു തന്നെ പ്രതിപ്പട്ടികയിൽ ചേർക്കണം. അവർക്കെതിരേ വ്യക്തിപരമായി ചാർജിടണം.
കടകംപള്ളി സുരേന്ദ്രൻ, കെ. രാധാകൃഷ്ണൻ, വാസവൻ തുടങ്ങി മൂന്നു ദേവസ്വം മന്ത്രിമാരാണ് കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായിരുന്നത്. ഇവരിലാർക്കും മോഷണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല. ഇവരിൽ ഓരോരുത്തരുടെ പങ്കും അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Ramesh Chennithala demanded an investigation into the involvement of the three Devaswom Ministers who governed over the past 10 years in the Sabarimala gold theft case













