പാരിസ്: ലോകത്തിലെ ഏറ്റവും പ്രശസ്തമായ കലാസാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ പാരിസിലെ ലൂവ്ര് മ്യൂസിയം അടച്ചു. മ്യൂസിയത്തിൽ മോഷണം നടന്നതായും കള്ളന്മാർ ആഭരണങ്ങളുമായി രക്ഷപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലൂവ്ര് മ്യൂസിയത്തിലെ ഒരു വിഭാഗത്തിൽ നിന്നാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതെന്നാണ് സൂചന. എന്നാൽ എത്രത്തോളം നഷ്ടം സംഭവിച്ചു എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മോഷണ വാർത്ത പുറത്തുവന്നതിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ മ്യൂസിയം താത്കാലികമായി അടച്ചുപൂട്ടി.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
ലിയോനാർഡോ ഡാ വിഞ്ചിയുടെ വിശ്വപ്രസിദ്ധമായ ‘മോണാലിസ’ ഉൾപ്പെടെയുള്ള അമൂല്യ കലാസൃഷ്ടികൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമാണ് ലൂവ്ര്. മ്യൂസിയം അടച്ചതോടെ ടിക്കറ്റെടുത്ത് എത്തിയ നിരവധി സന്ദർശകർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. .













