വാഷിംഗ്ടൺ/ഗാസ: ഗാസയിൽ നിന്ന് ബന്ദികളെ മോചിപ്പിക്കുന്നത് കാണാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്. വെടിനിർത്തൽ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ച വിറ്റ്‌കോഫ് എക്സിൽ കുറിച്ചത് ഇങ്ങനെ: “ഞാൻ ഈ ദിവസം കാണുമോ എന്ന് അത്ഭുതപ്പെട്ടിരുന്നു. നിരവധി കുടുംബങ്ങൾക്ക് ഒടുവിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ വീട്ടിലേക്ക് ലഭിക്കുന്നു എന്നറിയുന്നതിൽ അഗാധമായ സന്തോഷമുണ്ട്. ഇന്ന്, ഇരുപത് കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ ഇനി ഒരിക്കലും കാണില്ലേ എന്ന താങ്ങാത്ത വേദനയിൽ നിന്ന് ആശ്വാസം ലഭിച്ചു.”
എങ്കിലും, ഈ ആശ്വാസത്തിന്‍റെയും സന്തോഷത്തിന്‍റെയും നിമിഷത്തിൽ പോലും, പ്രിയപ്പെട്ടവർ ജീവനോടെ തിരിച്ചെത്താത്തവരെ ഓർത്ത് തന്‍റെ ഹൃദയം വേദനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അവരുടെ മൃതദേഹങ്ങൾ വീട്ടിലെത്തിക്കുന്നത് ഒരു അനിവാര്യതയും അവരുടെ ഓർമ്മകളെ എന്നും ബഹുമാനിക്കുന്നതിനുള്ള മാന്യമായ പ്രവർത്തിയുമാണ്.” ഇന്നത്തെ സംഭവങ്ങൾ, 2011ൽ മരിച്ച തന്‍റെ മകൻ ആൻഡ്രൂവിന്റെ സാന്നിധ്യം തനിക്ക് അനുഭവപ്പെടുത്തുന്നുണ്ടെന്നും വിറ്റ്‌കോഫ് പറഞ്ഞു. പ്രസിഡന്‍റ് ട്രംപിനോട് താൻ അഗാധമായി നന്ദിയുള്ളവനാണെന്നും, അദ്ദേഹമില്ലാതെ ഈ ദിവസം സാധ്യമാകുമായിരുന്നില്ല എന്നും യുഎസ് പ്രത്യേക ദൂതൻ കൂട്ടിച്ചേർത്തു.











