ന്യൂഡൽഹി: വഴിമുട്ടി നിന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേലുള്ള ഇറക്കുമതി തീരുവ 15 മുതൽ 16 ശതമാനമായി കുറയ്ക്കുന്ന ഒരു വ്യാപാര കരാറാണ് തയ്യാറാകുന്നത്. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് സൂചന. ഈ മാസം അവസാനം നടക്കുന്ന ആസിയാൻ (തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അസോസിയേഷൻ) ഉച്ചകോടിക്ക് മുമ്പ് കരാർ പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കുകയാണ്. ഉച്ചകോടിയിൽ വെച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഊർജ്ജ, കാർഷിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു കരാറാകും ഇരു രാജ്യങ്ങളും തമ്മിലുണ്ടാകുക. റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ഇന്ത്യ ക്രമേണ കുറയ്ക്കുന്നതാണ് നിലവിലെ ചർച്ചകളിലെ പ്രധാന ഘടകങ്ങളിലൊന്ന്. കരാറിന്റെ ഭാഗമായി, ജനിതകമാറ്റം വരുത്താത്ത ചോളം, സോയാബീൻ തുടങ്ങിയ ചില അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചേക്കാം.
പകരമായി ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി താരിഫ് അമേരിക്ക ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള 50 ശതമാനം വരെയുള്ള നിരക്കിൽ നിന്ന് ഇത് 15-16 ശതമാനമായി താരിഫ് കുറയ്ക്കും. ഈ കുറവ്, തുണിത്തരങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ കയറ്റുമതിക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ മത്സരക്ഷമത നൽകും.
താരിഫുകളും വിപണി പ്രവേശനവും സംബന്ധിച്ച് കൃത്യമായ ഇടവേളകളിലുള്ള അവലോകനത്തിനായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെട്ടേക്കാം. ഈ ആഴ്ച ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിന് ശേഷമാണ് ഈ പുരോഗതി. താരിഫ് തർക്കങ്ങളെ തുടർന്ന് സ്തംഭിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾക്ക് പുതുജീവൻ നൽകുന്നതായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം.
കരാറിന്റെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഘട്ടം ഘട്ടമായി കുറയ്‌ക്കേണ്ടിവരുമോ എന്നതാണ് വിദേശകാര്യ വിദഗ്ധർ ഉറ്റുനോക്കുന്നത്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ നിലനിർത്തുന്നതിനും രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും എത്രത്തോളം നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് കരാർ യാഥാർഥ്യമാകുന്നതിലൂടെ മാത്രമേ വ്യക്തമാകൂ. കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം പരീക്ഷണത്തിന്റെ ദിനങ്ങളാണ് മുന്നിലുള്ളത്. ഈ മാസം അവസാനം നടക്കുന്ന ആസിയാൻ ഉച്ചകോടിക്ക് മുന്നോടിയായി ഇരു രാജ്യങ്ങളും കരാർ അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Reports suggest that the stalled India-US trade deal is nearing completion; Import duties may be reduced