പ്രതീക്ഷയുടെ പുതുകിരണം: ഗ്രൂപ്പ് വ്യത്യാസമില്ലാതെ രക്തം സ്വീകരിക്കാവുന്ന വൃക്ക വികസിപ്പിച്ച് ഗവേഷകർ

പ്രതീക്ഷയുടെ പുതുകിരണം: ഗ്രൂപ്പ് വ്യത്യാസമില്ലാതെ രക്തം സ്വീകരിക്കാവുന്ന വൃക്ക വികസിപ്പിച്ച് ഗവേഷകർ

ന്യൂഡൽഹി: അവയവമാറ്റ ശസ്ത്രക്രിയ രംഗത്ത് വഴിത്തിരിവായേക്കാവുന്ന നിർണ്ണായക കണ്ടുപിടിത്തവുമായി കാനഡയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഗവേഷകർ. രക്തഗ്രൂപ്പ് വ്യത്യാസമില്ലാതെ ആർക്കും സ്വീകരിക്കാവുന്ന വൃക്ക വികസിപ്പിച്ചെടുത്താണ് ശാസ്ത്രലോകം ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. വൃക്ക മാറ്റിവെക്കലിന് കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് പുതിയ ഗവേഷണഫലം പ്രതീക്ഷ നൽകുന്നു.

എ രക്ത ഗ്രൂപ്പ് ഉള്ള ദാതാവിൽ നിന്ന് സ്വീകരിച്ച വൃക്ക, പ്രത്യേക ബയോ എൻസൈമുകൾ ഉപയോഗിച്ച് സാർവത്രിക ദാതാവായ ഒ ഗ്രൂപ്പ് ആക്കി മാറ്റുകയായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയും (യു.ബി.സി) അവിവോ ബയോമെഡിക്കലും ചേർന്നാണ് ഇതിനാവശ്യമായ ബയോ എൻസൈമുകൾ വികസിപ്പിച്ചത്.

ഈ മാറ്റം വരുത്തിയ കിഡ്നി, മസ്തിഷ്ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ ശരീരത്തിൽ കുടുംബാംഗങ്ങളുടെ അനുമതിയോടെ വെച്ചുപിടിപ്പിച്ചായിരുന്നു പരീക്ഷണം. ദിവസങ്ങളോളം കാര്യമായ പ്രതിപ്രവർത്തനങ്ങളില്ലാതെ വൃക്ക പ്രവർത്തിച്ചുവെന്ന് നേച്ചർ ബയോമെഡിക്കൽ എൻജിനീയറിങ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. മാറ്റം വരുത്തിയ വൃക്ക ആദ്യമായാണ് മനുഷ്യശരീരത്തിൽ പ്രവർത്തിപ്പിക്കുന്നത് എന്ന് എൻസൈം വികസിപ്പിക്കുന്നതിൽ നേതൃത്വം നൽകിയ യു.ബി.സി. പ്രൊഫസർ എമരിറ്റസ് ഓഫ് കെമിസ്ട്രി ഡോ. സ്റ്റീഫൻ വിതേഴ്സ് പറഞ്ഞു.

ഗവേഷണ ഫലത്തിന്റെ പ്രാധാന്യം

വൃക്ക മാറ്റിവെക്കലിന് രോഗികളുടെയും ദാതാവിന്റെയും രക്തഗ്രൂപ്പുകൾ സമാനമാകണമെന്ന വലിയ കടമ്പയാണ് ഈ ഗവേഷണത്തിലൂടെ ശാസ്ത്രലോകം മറികടക്കുന്നത്. ഏത് രക്തഗ്രൂപ്പിലുള്ള വൃക്കയും മാറ്റിവെക്കാമെന്ന സാഹചര്യം വരുന്നതോടെ ദാതാക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുമെന്നും ശസ്ത്രക്രിയകളുടെ വിജയശതമാനം ഉയരുമെന്നുമാണ് പ്രതീക്ഷ.

ഒരു പതിറ്റാണ്ടിലധികം നീണ്ട ഗവേഷണത്തിന്റെ ഫലമാണിത്. 2010-ന്റെ തുടക്കത്തിൽ ഡോ. വിതേഴ്സും യു.ബി.സി പ്രൊഫസറും ഗവേഷകനുമായ ഡോ. ജയചന്ദ്രൻ കിഴക്കേടത്തും ചേർന്നാണ് ഈ ഗവേഷണങ്ങൾക്ക് തുടക്കമിട്ടത്. ഗ്രൂപ്പ് നിർണ്ണയിക്കുന്ന പ്രത്യേക പഞ്ചസാര നീക്കി സാർവദാതാവായ രക്തം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം.

നിലവിൽ, ലോകത്ത് വൃക്കമാറ്റത്തിനായി കാത്തിരിക്കുന്നവരിൽ പകുതിയോളവും ഒ ഗ്രൂപ്പിൽ പെടുന്നവരാണ്. സാർവത്രിക ദാതാവായതുകൊണ്ടുതന്നെ ഉയർന്ന ആവശ്യകത മൂലം, ഈ വിഭാഗക്കാർക്ക് വൃക്ക ലഭിക്കാൻ രണ്ടുമുതൽ നാലുവരെ വർഷം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യമുണ്ട്.

പുതിയ മാറ്റങ്ങൾ

പുതുതായി വികസിപ്പിച്ച എൻസൈം ഉപയോഗിച്ച് വൃക്കയുടെ രക്ത ഗ്രൂപ്പ് തന്നെ മാറ്റാനാകും. ഇത് മാറ്റിവെക്കൽ ശസ്ത്രക്രിയ വേഗത്തിലാക്കാനും സങ്കീർണതകൾ കുറക്കാനും സാധിക്കും. രക്ത ഗ്രൂപ്പ് വ്യത്യാസമില്ലാതെ മരണമടഞ്ഞ ദാതാക്കളിൽ നിന്നുപോലും വൃക്ക സ്വീകരിക്കാനാവും എന്നതും ഇതിന്റെ വലിയ നേട്ടമാണ്.

വൃക്ക മാറ്റിവെക്കുമ്പോൾ ശരീരത്തിന്റെ സ്വയം പ്രതിരോധ സംവിധാനം അവയവത്തെ തള്ളിക്കളയുന്നത് സ്വീകർത്താക്കളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാറുണ്ട്. ഇത് ഒഴിവാക്കാൻ പ്രതിരോധശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടിവരും. എന്നാൽ, ശരീരത്തിന്റെ ഈ ‘പ്രതിരോധ ആക്രമണങ്ങൾക്ക്’ കാരണമാവുന്ന രക്തഗ്രൂപ്പിന് പിന്നിലുള്ള പ്രത്യേക ആന്റിജനുകളെ വേർപെടുത്തി നിർജ്ജീവമാക്കുന്ന രീതിയിലാണ് പുതിയ എൻസൈമുകൾ പ്രവർത്തിക്കുന്നത്.

മതിയായ അനുമതികളും ക്ലിനിക്കൽ ട്രയലുകളും പൂർത്തിയാക്കിയ ശേഷം മാത്രമേ ഈ ഗവേഷണ ഫലങ്ങൾ രോഗികളിലേക്ക് എത്തിത്തുടങ്ങുകയുള്ളൂ. ഭാവിയിലെ വൃക്ക മാറ്റ ശസ്ത്രക്രിയകളിൽ ഈ പഠനം ഒരു വഴിത്തിരിവായേക്കും.

Researchers have developed a method to change the blood type of a donor kidney to universal ‘O’ group

Share Email
Top