തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: നടപടികൾ നവംബറിൽ ആരംഭിക്കും; കേരളം ഉൾപ്പെടെ അഞ്ചിടത്ത് ഫെബ്രുവരിയിൽ പൂർത്തിയാകും

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: നടപടികൾ നവംബറിൽ ആരംഭിക്കും; കേരളം ഉൾപ്പെടെ അഞ്ചിടത്ത് ഫെബ്രുവരിയിൽ പൂർത്തിയാകും

ന്യൂഡൽഹി: രാജ്യവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) ത്തിനുള്ള നടപടികൾ നവംബറിൽ ആരംഭിക്കും. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഫെബ്രുവരി ആദ്യ വാരത്തിനുള്ളിൽ പൂർത്തിയാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പരിഷ്കരിച്ച വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സമയക്രമം രണ്ട് ദിവസത്തിനുള്ളിൽ തയ്യാറാകും. അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കമ്മീഷൻ ഇത് പ്രഖ്യാപിക്കും. രാജ്യവ്യാപകമായി ഘട്ടം ഘട്ടമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാകും പരിഷ്കരണം നടക്കുക. അസമിലും അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും, ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മാത്രമേ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ആരംഭിക്കാവൂ എന്ന് അസം തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര കമ്മീഷനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഈ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക പരിഷ്കരണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ജനുവരി അവസാനമോ, ഫെബ്രുവരി ആദ്യമോ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് സാധ്യത. 2002ലാണ് കേരളത്തിൽ അവസാനമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടന്നത്. 2002ലെ പട്ടിക അടിസ്ഥാന രേഖയായി കണക്കാക്കിയാണ് പുതിയ പരിഷ്കരണം. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിൽ, തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ അതിന് ശേഷമേ ആരംഭിക്കാവൂ എന്ന് സംസ്ഥാന ചീഫ് ഇലക്ട്രൽ ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.

ബിഹാറിൽ നടന്ന തീവ്ര വോട്ടർ പരിഷ്കരണ മാതൃകയിലാകും രാജ്യവ്യാപക പരിഷ്കരണം നടക്കുക. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആധാർ തിരിച്ചറിയൽ രേഖയായി മാത്രമേ പരിഗണിക്കുകയുള്ളൂ; പൗരത്വ രേഖയായി കണക്കാക്കില്ല. പൗരത്വം തെളിയിക്കുന്നതിന് ആധാറിന് പുറമെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിക്കുന്ന 11 രേഖകളിൽ ഒന്ന് ഹാജരാക്കേണ്ടി വരും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിഷ്കരിച്ച വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി.

Revised voter list: Process to begin in November; to be completed in February in five places including Kerala

Share Email
Top