മിസോറി സിറ്റി മേയറായി റോബിൻ ഇലക്കാട്ട് മൂന്നാം തവണയും ജനവിധി തേടുന്നു

മിസോറി സിറ്റി മേയറായി റോബിൻ ഇലക്കാട്ട് മൂന്നാം തവണയും ജനവിധി തേടുന്നു

ജോസ് കണിയാലി

ഹൂസ്റ്റൺ: മിസോറി സിറ്റി മേയറായി മൂന്നാം തവണയും റോബിൻ ഇലക്കാട്ട് ജനവിധി തേടുന്നു. നവംബർ നാലിനാണ് തിരഞ്ഞെടുപ്പ്. ഇതിനോടകം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബഹുദൂരം പിന്നിട്ട റോബിൻ ഇലക്കാട്ട് രണ്ട് ടേമിലായി മിസോറി സിറ്റിയുടെ മുഖഛായ മാറ്റിയ മേയർ കൂടിയാണ്. മിസോറി സിറ്റിക്ക് മേയർ തിരഞ്ഞെടുപ്പാണെങ്കിലും അമേരിക്കൻ മലയാളി സമൂഹത്തിന് ഇത് ‘മേജർ’ തിരഞ്ഞെടുപ്പാണ്.

റോബിൻ ഇലക്കാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക കിക്കോഫ് തുടങ്ങിയത് മുതൽ മിസോറി സിറ്റി തിരഞ്ഞെടുപ്പ് ചൂടിലാണ്. ഒരു നഗരത്തിന്റെ വികസനത്തിനൊപ്പം ആത്മവിശ്വാസത്തോടെ രണ്ട് ടേമിൽ മുന്നേറിയ മേയർ റോബിൻ ഇലക്കാട്ട്, കേരളത്തിന്റെ മണ്ണിൽ നിന്നും പഠിച്ച രാഷ്ട്രീയപാഠമാണ് അദ്ദേഹം മിസോറിയിലും പരീക്ഷിക്കുന്നത്.
റോബിൻ ഇലക്കാട്ട് തന്റെ പ്രചാരണത്തിന് നാട്ടിലെ രീതി കൊണ്ടുവന്നത് അമേരിക്കൻ ജനതയ്ക്ക് കൗതുകമായി. ജനകീയനായ ഒരു മേയറായി മാറാൻ കഴിഞ്ഞ രണ്ട് ടേമുകളിൽ അദ്ദേഹത്തിന് സാധിച്ചു.

കഴിഞ്ഞ രണ്ട് ടേമിലും മിസോറിയിലെ ജനങ്ങൾക്ക് ഒരു ഫോൺ കോളിനപ്പുറത്ത് ജനകീയനായ മേയർ ഉണ്ടെന്ന് മനസ്സിലാക്കി കൊടുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
മേയറായതിന് ശേഷം പൊതുജന സുരക്ഷ, നികുതി ഇളവുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു. പുതിയ ബിസിനസ് സംരംഭങ്ങൾ സിറ്റിയിൽ വരാൻ നികുതിയിളവ് ഉൾപ്പെടെയുള്ളവ കൊണ്ട് സാധിച്ചു. പ്രോപ്പർട്ടി ടാക്‌സ് കുറയ്ക്കുകയും, മുതിർന്നവർക്കും വികലാംഗർക്കും പ്രത്യേക നികുതിയിളവ് നൽകിയത് സിറ്റിയുടെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു.

ജനങ്ങളുടെ മേൽ അമിതമായ നികുതിഭാരം അടിച്ചേൽപ്പിക്കാതെ സുസ്ഥിരമായ ഒരു ഭരണ സംവിധാനമാണ് റോബിൻ ഇലക്കാട്ട് നടപ്പിലാക്കിയത്. സിറ്റി സ്റ്റാഫിന്റേയും കൗൺസിലിന്റേയും സഹകരണത്തോടെ കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂൾ, നഗര ഇവന്റുകൾ സംഘടിപ്പിക്കപ്പെട്ടു. പൊതുജനവുമായി കൂടുതൽ ഇടപഴകുവാനും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുവാനും സാധിച്ചു. ഒരു യുണൈറ്റഡ് സിറ്റിയായി മിസോറി സിറ്റിയെ ഉയർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുള്ള അംഗീകാരം കൂടിയാണ് രണ്ട് ടേമിൽ തനിക്ക് വിജയിക്കാനായതെന്ന് റോബിൻ ഇലക്കാട്ട് പറഞ്ഞു.


കഴിഞ്ഞ രണ്ടു ടേമുകളിൽ നടപ്പിലാക്കിയ പദ്ധതികളായിരുന്നു അദ്ദേഹത്തിന്റെ മുതൽക്കൂട്ട് ഇനിയുള്ള പ്രവർത്തനങ്ങൾ മുൻ കാല വികസനത്തിന്റെ ബാക്കിയാണെന്ന് അദ്ദേഹം അടിവരയിടുന്നു. അമേരിക്കയിലെ ഏറ്റവും നല്ല നഗരമായി മിസോറിയെ വളർത്തിയെടുക്കുവാൻ സാധിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് റോബിൻ ഇലക്കാട്ട് പറഞ്ഞു. മലയാളികൾക്ക് മാത്രമല്ല ഈ വിജയത്തിൽ അഭിമാനമുള്ളത്. അമേരിക്കൻ ജനതയും ഏഷ്യൻ സമൂഹവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

റോബിൻ ഇലക്കാട്ട് ഏവർക്കും ഒരു മാതൃകയായ ഒരു നേതാവായി ഇനിയും മുന്നേറാൻ മലയാളി സമൂഹത്തിന് അദ്ദേഹത്തിനൊപ്പം നിൽക്കാം. പ്രവർത്തിക്കാം.

അമ്മ ഏലിയാമ്മയുടെ അദൃശ്യ സാന്നിദ്ധ്യവും, പിതാവ് ഫിലിപ്പ് ഇലക്കാട്ട്, ഭാര്യ ടീന, മക്കൾ ലിയയും കെയ്റ്റിലിനും എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി ഒപ്പമുള്ളത് ഒരു ജന നേതാവിന്റെ വിജയം തന്നെയാണ്. അതാണ് മൂന്നാം ടേമിലേക്ക് ഒരു സിറ്റിയെ നയിക്കാനിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ ശക്തി.

Robin Elakatt seeks third term as Missouri City mayor

Share Email
LATEST
More Articles
Top