തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിയുടേയും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെയും രാജി ആവശ്യപ്പെട്ട് സമരം കടുപ്പിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ ഇന്നു രാവിലെ നിയമസഭ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. ബാനറുമായാണ് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ ചോദ്യോത്തരവേളയില്‍ തന്നെ പ്രതിഷേധം ആരംഭിച്ചത്.
അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍ എന്നെഴുതിയ ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ശബരിമലയിലെ സ്വര്‍ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ശബരിമല പ്രശ്നം സഭയില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി.
പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനര്‍ കെട്ടിയ പ്രതിപക്ഷം സഭയില്‍ ശരണം വിളിച്ചു കൊണ്ട് പ്രതിഷേധം ശക്തമാക്കി. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി. വീണ്ടും സഭ ചേര്‍ന്നപ്പോള്‍ ബഹളം രൂക്ഷമാകുകയായിരുന്നു. പ്രതിപക്ഷത്തെ സ്പീക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ ചോദ്യോത്തര വേള ആറു വട്ടം തടഞ്ഞ് സമരം നടത്തിയവരാണ് ഇപ്പോള്‍ തങ്ങളോട് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ വ്യക്തമാക്കി. മുമ്പ് തിരിവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഈ വിഷയം സഭയില്‍ ചര്‍ച്ചയ്ക്കായി കൊണ്ടുവന്നപ്പോള്‍ നോട്ടീസിനു പോലും സര്‍ക്കാര്‍ അനുമതി നല്കിയില്ലെന്നും അതിനാലാണ് വീണ്ടും നോട്ടീസ് നല്കാതിരുന്നതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു. ഇതിനു പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രകടനമായി സഭ്ക്ക് പുറത്തേയ്ക്ക് പോയി. കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയും യുഡിഎഫ് യോഗവും ചേര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കുമെന്നു പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
Sabarimala gold plaque controversy: UDF to intensify protest demanding resignation of Devaswom Minister and Devaswom Board President