തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക ശിൽപം ചെമ്പല്ല, സ്വർണം തന്നെയാണെന്ന് ദേവസ്വം രേഖകൾ സ്ഥിരീകരിക്കുന്നു. 1999 മെയ് 4-നാണ് ഈ ശിൽപത്തിൽ സ്വർണം പൂശിയതെന്നാണ് ദേവസ്വം രജിസ്റ്ററിലും മഹസറിലുമുള്ള രേഖകൾ വ്യക്തമാക്കുന്നത്. സ്വർണപ്പാളിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ തള്ളിക്കളയുന്നതാണ് ഹൈക്കോടതിയുടെ ഈ നിർണായകമായ കണ്ടെത്തൽ.
1999 മാർച്ച് 27-ന് ദേവസ്വം കമ്മീഷണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതെന്ന് രേഖകൾ പറയുന്നു. ഈ സ്വർണപ്പാളി 2019-ൽ വീണ്ടും പൂശുന്നതിന് വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത്. എന്നാൽ ഇത് ചെമ്പാണെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. ഈ വാദമാണ് ദേവസ്വം വിജിലൻസ് കണ്ടെത്തി നൽകിയ രേഖകളിലൂടെ ഹൈക്കോടതി ഇപ്പോൾ പൊളിച്ചടുക്കിയിരിക്കുന്നത്.
ഇതോടെ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പുതിയ വഴിത്തിരിവുണ്ടായി. ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതിൻ്റെ കൃത്യമായ വിവരങ്ങളും നടപടിക്രമങ്ങളും ദേവസ്വം രേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകൾ വിവാദത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ സഹായിക്കുകയും, വിഷയത്തിൽ കൂടുതൽ നിയമനടപടികൾക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.













