തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ബംഗളൂരുവിൽ നടന്ന ഗൂഢാലോചനയിൽ കേരളത്തിലെ ഉന്നതർക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
കൽപേഷ് ഉൾപ്പെടെയുള്ള കർണാടക സ്വദേശികളായ അഞ്ചംഗ സംഘമാണ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആദ്യ ഗൂഢാലോചന നടത്തിയത്. ഇതിന് പിന്നിൽ കേരളത്തിൽ നിന്നുള്ള ഉന്നതർക്ക് പങ്കുണ്ടെന്നും പോറ്റി മൊഴി നൽകി. തനിക്ക് കാര്യമായ ലാഭമുണ്ടായിട്ടില്ലെന്നും വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയത് ഈ സംഘമാണെന്നും പോറ്റി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായകമാകുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഈ മൊഴി.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ കസ്റ്റഡിയിലെടുത്ത് പോറ്റിയോടൊപ്പം ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നീക്കം നടത്തുന്നുണ്ട്. സ്വർണ്ണപ്പാളികൾ കൈമാറിയതിലെ രേഖകൾ കാണാതായതിലടക്കം ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ചൊവ്വാഴ്ചയോടെ ഹൈക്കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തിലുള്ള വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തി. പോറ്റിയുടെ മൊബൈൽ, ലാപ്‌ടോപ്, വീട്ടിലുള്ള രേഖകൾ തുടങ്ങിയവയാണ് പരിശോധിച്ചത്. യാത്രാവിവരങ്ങൾ അടക്കമുള്ളവയുടെ രേഖകൾ ശേഖരിച്ചെന്നാണ് വിവരം. അതേസമയം, പോറ്റിക്ക് വേണ്ടി ഉടൻ തന്നെ അഭിഭാഷകൻ ജോയിന്റ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. നിലവിലുള്ള കസ്റ്റഡി രണ്ടാമത്തെ കേസിൽ കൂടി ബാധകമാക്കണമെന്നാണ് ആവശ്യം. സ്വർണ്ണക്കൊള്ളയിൽ പോറ്റി നിരപരാധിയാണെന്നാണ് അഭിഭാഷകന്റെ വാദം.
Sabarimala gold robbery: Five-member gang hatched conspiracy; Kerala high-ups also involved, says statement