തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് വീണ്ടും നടപടിയെടുത്തു. ചൊവ്വാഴ്ച ചേർന്ന പ്രതിവാര ദേവസ്വം ബോർഡ് യോഗമാണ് അസിസ്റ്റന്റ് എൻജിനീയർ സുനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
2019-ലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണസംഘം മുന്നോട്ട് പോകുകയാണ്. കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെ പത്തുപേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇതിൽ നിലവിൽ സർവീസിലുള്ള രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് സുനിൽകുമാർ. നേരത്തെ, സർവീസിലുള്ള മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെ കഴിഞ്ഞ യോഗത്തിൽ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.
2019-ൽ ദ്വാരപാലക ശിൽപങ്ങളിൽനിന്ന് സ്വർണം അഴിച്ചെടുത്ത സമയത്ത് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് സുനിൽകുമാർ. അദ്ദേഹം മഹസ്സറിൽ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. അവിടെയുണ്ടായിരുന്നത് ചെമ്പുപാളിയല്ല, സ്വർണ്ണപ്പാളിയാണ് എന്ന് സുനിൽകുമാറിന് അറിയാമായിരുന്നതായി ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Sabarimala gold theft: Assistant engineer suspended













