ശബരിമല സ്വര്‍ണമോഷണം: പ്രതിരോധത്തിലായി സര്‍ക്കാരും ഇടതു മുന്നണിയും

ശബരിമല സ്വര്‍ണമോഷണം: പ്രതിരോധത്തിലായി സര്‍ക്കാരും ഇടതു മുന്നണിയും

തിരുവനന്തപുരം: അയ്യപ്പസംഗമം നടത്തി വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയത നേടാനായി സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ ഇടിത്തീപോലെ വന്നു വീണ ശബരിമലയിലെ സ്വര്‍ണമോഷണ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരും ഇടതു മുന്നണിയും കടുത്ത പ്രതിരോധത്തില്‍. മുന്നണിയെ നയിക്കുന്ന സിപിഎം ഭരിക്കുന്ന ദേവസ്വം വകുപ്പിനും ദേവസ്വം ബോര്‍ഡിനും എതിരേ ആരോപണം വന്നതോടെ ഇനി എന്തെന്ന ചോദ്യമാണ് ഉയരുന്നത്.

കോടതിയില്‍ നിന്നും സര്‍ക്കാരിന് ഓരോദിവസവും ഈ വിഷയത്തില്‍ ശക്തമായ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്.സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും പ്രതികളായതോടെ വിഷയത്തിന്റെ ഗൗരവം വര്‍ധിക്കുകയാണ്. ഉദ്യോഗസ്ഥരുടെ വീഴ്ചയായി മാത്രം ഇതിനെ ചുരുക്കി കാണിക്കാനാവില്ലെന്ന പ്രതിസന്ധിയിലാണ് സര്‍ക്കാരും എല്‍ഡിഫും വീണിരിക്കുന്നത്.

അതിനിടെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്, ക്രൈംബ്രാഞ്ച് കേസുകളുടെ എഫ്ഐആര്‍ എന്നിവ പരിശോധിച്ചാക്കാനാണ് ആദ്യഘട്ടത്തില്‍ ഇഡിയുടെ തീരുമാനമെന്നാണ് വിവരം.
ശ്രീകോവിലിന്റെ കട്ടിള പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളി 2019 ല്‍ കാണാതായതില്‍ അന്നത്തെ ദേവസ്വം ബോര്‍ഡിനെയും ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തതോടെയാണ് സര്‍ക്കാര്‍ വെട്ടിലായിരിക്കുന്നത്.

കട്ടിള പൊതിഞ്ഞിരുന്നത് സ്വര്‍ണപ്പാളി ഉപയോഗിച്ചല്ല ചെമ്പുപാളി ഉപയോഗിച്ചാണെന്നാരിയുന്നു അന്നത്തെ ദേവസ്വം ബോര്‍ഡിന്റെ രേഖകളില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഭരണസമിതിയുടെ അടക്കം പങ്ക് പരിശോധിക്കണമെന്ന് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയതും ഇക്കാര്യം അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചതും.
അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍ സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് സിപിഐയുടെ നോമിനിയുമായിരുന്നു. അതിനാല്‍ ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും കഴിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

അതേസമയം അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കൂ എന്നായിരുന്നു അക്കാലത്ത് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘം ആറ് ആഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാകും. അതുവരെ കാത്തിരക്കണം. കുറ്റക്കാരെയെല്ലാം അന്വേഷണ സംഘം പുറത്തു കൊണ്ടു വരും. അതു വരെ ക്ഷമയോടു കൂടി കാത്തിരക്കുകയാണ് വേണ്ടതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Sabarimala gold theft: Government and Left Front on the defensive

Share Email
LATEST
More Articles
Top