ശബരിമല സ്വർണക്കവർച്ചക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് വിശദ അന്വേഷണത്തിന് എസ്ഐടി. 2019 മുതൽ 2025 വരെയുള്ള ബോർഡ് അംഗങ്ങളുടെ മൊഴി എടുക്കാനാണ് തീരുമാനം. ഹൈക്കോടതി നിർദേശങ്ങൾ പരിഗണിച്ച് ബോർഡ് യോഗ മിനിട്സ് ശേഖരിക്കും; അംഗങ്ങളെ വിളിച്ച് ചോദ്യം ചെയ്യും.
2019ലും 2025ലും ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ സ്വർണപൂശൽ ജോലിക്ക് ഏൽപ്പിച്ചതിൽ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കാനുള്ള നിർദേശമാണ് എസ്ഐടി നടപടികൾക്ക് അടിസ്ഥാനം. അതേസമയം, ദ്വാരപാലക ശില്പ സ്വർണമോഷണക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിലാണ്.
പോറ്റി തന്ത്രികുടുംബ പശ്ചാത്തലം മറയാക്കി സമ്പന്ന ഭക്തരുമായി അടുപ്പം സ്ഥാപിച്ചതായി എസ്ഐടി കണ്ടെത്തി. കേസന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.













