ശബരിമലയിലെ സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട് പുളിമാത്തിലുള്ള വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഓഫീസിൽ പോറ്റിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണ സംഘം വീട്ടിലെത്തി പരിശോധന നടത്തിയത്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണസംഘത്തിൻ്റെ ചോദ്യങ്ങളോട് ഉണ്ണികൃഷ്ണൻ പോറ്റി സഹകരിക്കുന്നില്ലെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
സ്വർണം ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും പ്രധാനപ്പെട്ട വിവരങ്ങൾക്കും ഉണ്ണികൃഷ്ണൻ പോറ്റി കൃത്യമായ മറുപടി നൽകുന്നില്ല.
സ്വർണം ഒരു മാസത്തോളം ഹൈദരാബാദിൽ ഒളിപ്പിച്ചു വെച്ചത് എന്തിനാണെന്ന ചോദ്യത്തിന് പോലും ഇയാൾ വ്യക്തമായ മറുപടി പറയുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
ചോദ്യം ചെയ്യൽ തുടരുന്ന സാഹചര്യത്തിൽ വീട്ടിൽ നടത്തിയ പരിശോധന കേസിൽ നിർണായക വഴിത്തിരിവാകാൻ സാധ്യതയുണ്ട്.













