സുരക്ഷിത കുടിയേറ്റം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

സുരക്ഷിത കുടിയേറ്റം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്തെവിടെയും സുരക്ഷിതമായ കുടിയേറ്റം ഉറപ്പു വരുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.വിദേശ റിക്രൂട്ട്മെൻ്റ് ഏകദിന ഗ്ലോബൽ കോൺക്ലേവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ പ്രവാസ ജീവിതത്തിന് ഒരു ചരിത്രമുണ്ട്. ഇന്ന് ലോകത്തിലെ എല്ലാ കോണുകളിലും മലയാളികൾ എത്തിച്ചേർന്നു കഴിഞ്ഞു. തൊഴിൽ അന്വേഷിച്ചുള്ള കുടിയേറ്റം എന്നതായിരുന്നു ആദ്യകാലങ്ങളിലെ മുൻഗണന. എന്നാൽ, ആ കാഴ്ചപ്പാടിന് പിന്നീട് മാറ്റം വന്നു.

ഇപ്പോൾ വിദേശരാജ്യങ്ങളിൽ വലിയ നിക്ഷേപകരായ മലയാളികളും വിദേശ സർവകലാശാലകളിൽ ഉന്നത വിജയം കൈവരിക്കുന്ന മലയാളികളും ഉണ്ട്. പ്രവാസി രൂപത്തിൽ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും മലയാളികൾ ശ്രദ്ധേയരായിക്കഴിഞ്ഞു. നിരവധി ലോകരാജ്യങ്ങളുടെ പൊതു സാംസ്കാരിക ധാരയോടൊപ്പം ചേരുകയും അതിന് നേതൃത്വം നൽകുന്നവരായും മലയാളികൾ മാറി.

ഔദ്യോഗിക രേഖ പ്രകാരം കാൽ കോടിയോളം മലയാളികൾ പ്രവാസികളായി കേരളത്തിനു പുറത്തുണ്ട്. 2023-ലെ കേരള മൈഗ്രേഷൻ സർവ്വേ വ്യക്തമാക്കുന്നത്, കുടിയേറ്റത്തിൻ്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുവരുന്നു എന്നാണ്. മുൻപ് പ്രവാസി എന്ന് പറഞ്ഞാൽ പ്രധാനമായും ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളെയാണ് ഉദ്ദേശിച്ചത്. അത് ഏറെക്കുറെ ശരിയായിരുന്നു.

എന്നാൽ ഇപ്പോൾ ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൻ്റെ ശതമാനം കുറയുകയും, യുവാക്കൾ ജർമ്മനി, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു. ഈ ഭൂമിശാസ്ത്രപരമായ മാറ്റത്തോടൊപ്പം, കുടിയേറ്റത്തിൻ്റെ സ്വഭാവത്തിലും മാറ്റം വന്നു. 

ആദ്യ കാലങ്ങളിൽ ഐടി, ഹെൽത്ത് കെയർ മേഖലകൾക്കായിരുന്നു പ്രാധാന്യം. മാനേജ്മെൻ്റ്, അക്കാദമിക മേഖലകളിലേക്ക് ധാരാളം പേർ തൊഴിലെടുക്കുന്നു. പ്രവാസി മലയാളികളിൽ 11 ശതമാനം  വിദ്യാർഥികളാണ് എന്ന് സർവ്വേ സൂചിപ്പിക്കുന്നു. ഈ മാറ്റങ്ങൾ നല്ല ലക്ഷണങ്ങളാണ്. എന്നാൽ ഈ മാറ്റങ്ങൾക്കൊപ്പം ഉയർന്നുവരുന്ന വെല്ലുവിളികളെ നാം അഭിസംബോധന ചെയ്യേണ്ടതുണ്ട്.

പ്രവാസികളുടെ വിഷയങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ നല്ല താൽപര്യമെടുക്കുന്ന സംസ്ഥാനമാണ് കേരളം. യഥാർത്ഥത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഒരു വകുപ്പിന് കേരളത്തിൽ രൂപം നൽകിയിരുന്നു.

ഇന്ത്യയിലെ തന്നെ ആദ്യത്തെ ഈ ശ്രമം പിന്നീട് നോർക്ക റൂട്ട്സ് എന്ന പേരിൽ പ്രവാസ ജീവിതത്തിൻ്റെ ഭാഗമായി മാറി. ഇന്ന് ഏതെങ്കിലും തരത്തിൽ നോർക്കയുമായി ബന്ധപ്പെടാത്ത പ്രവാസി മലയാളികൾ ഉണ്ടാകില്ല.നോർക്കയുടെ പ്രവർത്തനങ്ങൾ നമ്മുടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നു.രണ്ട് പദ്ധതികളുമായി പ്രവർത്തനമാരംഭിച്ച 

നോർക്ക ഇന്ന് മുപ്പതോളം പദ്ധതികൾ നടപ്പിലാക്കുന്നു. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് നമ്മുടെ നാടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയാണ് ഇവിടെ രൂപംകൊണ്ട ലോക കേരള സഭ. പ്രവാസികളുടെ അഭിപ്രായങ്ങൾ ആരായാനും വികസനത്തിൽ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും ഇത് പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Safe immigration will be ensured: Chief Minister

Share Email
Top