പണവും സ്വർണവും തിരികെ ചോദിച്ചതിൽ വൈരാഗ്യം, ഐഷ കൊലക്കേസിലും പ്രതി, സെബാസ്റ്റ്യൻ 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ

പണവും സ്വർണവും തിരികെ ചോദിച്ചതിൽ വൈരാഗ്യം, ഐഷ കൊലക്കേസിലും പ്രതി, സെബാസ്റ്റ്യൻ 5 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ

ചേർത്തല: വാരനാട് സ്വദേശിനി ഐഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ വസ്തു ഇടനിലക്കാരൻ സി എം സെബാസ്റ്റ്യനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ അന്വേഷണം നടത്തുന്ന ചേർത്തല പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ്, തെളിവെടുപ്പിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി വരെ സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വിടാൻ ചേർത്തല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഷെറിൻ കെ ജോർജ്ജ് ഉത്തരവിട്ടത്. രണ്ടു കൊലപാതക കേസുകളിൽ പ്രതിയായ സെബാസ്റ്റ്യനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് വ്യാഴാഴ്ച രാവിലെ ചേർത്തല കോടതിയിൽ എത്തിച്ചത്. ചേർത്തല സ്റ്റേഷൻ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് കാരണം പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഐഷ സ്ഥലം വാങ്ങാനായി കരുതിവെച്ച പണവും സ്വർണവും സെബാസ്റ്റ്യൻ കൈക്കലാക്കിയിരുന്നു. ഇത് തിരികെ ചോദിച്ചതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഐഷയെ സെബാസ്റ്റ്യന്റെ പള്ളിപ്പുറം ചെങ്ങുംതറ വീട്ടിൽ എത്തിച്ചാണ് കൊലപ്പെടുത്തിയത്. ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മയുടെ കൊലപാതക കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് സംഘം സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ ജൂലൈ 28-ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ കത്തിയെരിച്ച ശരീരാവശിഷ്ടങ്ങൾ ഐഷയുടേതാണോ എന്ന സംശയത്തെ തുടർന്നാണ് ഈ കേസിൽ പുനരന്വേഷണം നടത്തി സെബാസ്റ്റ്യനെ പ്രതി ചേർത്തത്. വെള്ളിയാഴ്ച മുതൽ പ്രതിയുമായി വിപുലമായ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Share Email
LATEST
More Articles
Top