ആർഎസ്എസ് പ്രവർത്തനങ്ങൾ വിലക്കുന്നുവെന്ന് ആരോപണം: കർണാടക സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആർഎസ്എസ് പ്രവർത്തനങ്ങൾ വിലക്കുന്നുവെന്ന് ആരോപണം: കർണാടക സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സർക്കാർ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും സ്വകാര്യ സംഘടനകൾ പരിപാടികൾ നടത്തുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ട് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവ് കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച് സ്റ്റേ ചെയ്തു. ഈ ഉത്തരവ് ആർഎസ്എസ് (RSS) പ്രവർത്തനങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യാപകമായി വിലയിരുത്തപ്പെട്ടിരുന്നു. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് ഇത് ഒരു പ്രധാന തിരിച്ചടിയാണ്.


ജസ്റ്റിസ് നാഗപ്രസന്നയുടെ ഏകാംഗ ബെഞ്ചാണ് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങൾക്ക് മേലുള്ള നിയന്ത്രണമാണ് ഈ ഉത്തരവെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അശോക് ഹരണഹള്ളി വാദിച്ചു. “പത്തു പേരിൽ കൂടുതൽ ആളുകൾ കൂടുന്നതിന് അനുമതി നേടണമെന്ന് സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശത്തെ നിയന്ത്രിക്കുന്നതിന് തുല്യമാണ്” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


സർക്കാർ സ്ഥാപനങ്ങളുടെയും പൊതു സ്വത്തുക്കളുടെയും ഉപയോഗം സംബന്ധിച്ച് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ടുള്ള ഉത്തരവാണ് നിലവിൽ സ്റ്റേ ചെയ്തിരിക്കുന്നത്. സർക്കാർ സ്കൂളുകളിലോ, കോളേജ് ഗ്രൗണ്ടുകളിലോ മറ്റ് സ്ഥാപനപരമായ സ്ഥലങ്ങളിലോ എഴുതി നൽകിയ അനുമതിയില്ലാതെ ഒരു സ്വകാര്യ സംഘടനയ്ക്കും പരിപാടികളോ യോഗങ്ങളോ നടത്താൻ കഴിയില്ലെന്നായിരുന്നു ഉത്തരവിലെ പ്രധാന നിർദ്ദേശം. അടുത്ത മാസം 17-ന് കേസ് വീണ്ടും പരിഗണിക്കുന്നത് വരെ ഈ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്.

Share Email
Top