കോഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വടകര എം.പി. ഷാഫി പറമ്പിലിന് പരിക്കേറ്റു. ഇന്ന് വൈകുന്നേരം ഇരുവിഭാഗവും പേരാമ്പ്രയിൽ മാർച്ച് നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്. സംഘർഷത്തിനിടെ പരിക്കേറ്റ ഷാഫി പറമ്പിൽ എം.പിയെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ പേരാമ്പ്രയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പോലീസ് കർക്കും കോൺഗ്രസ് നേതാക്കൾക്കും പരിക്കേറ്റതായാണ് വിവരം.
സി.കെ.ജി. കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ പേരാമ്പ്ര ടൗണിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ ആചരിചിരുന്നു. കോളേജ് കാമ്പസിലെ സംഘർഷം പിന്നീട് ടൗണിലേക്കും വ്യാപിച്ചതോടെയാണ് യൂത്ത് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ച് ആണ് സംഘർഷത്തിലേക്ക് എത്തിയത്.