ആലപ്പുഴ: തിരുവോണം ബമ്പർ നറുക്കെടുപ്പിലെ ഭാഗ്യശാലി തുറവൂർ സ്വദേശി ശരത് എസ്. നായർ ആണെന്ന് സ്ഥിരീകരിച്ചു. ശരത് വാങ്ങിയ ടി.എച്ച്. 577825 എന്ന ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ശരത്തിന്റെ മറുപടിയിങ്ങനെ: “ആലോചിച്ചു ചെയ്യാം. ഒരു വീടുണ്ട്. വീട് വെച്ചതിന് കുറച്ച് കടങ്ങളുണ്ട്. ആദ്യം അത് വീട്ടണം. മുമ്പ് പല തവണ ചെറിയ തുകയുടെ ലോട്ടറിയെടുത്തിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ബമ്പർ എടുത്തത്.”
ലോട്ടറിയടിച്ചെന്ന് മനസ്സിലായപ്പോൾ തോന്നിയ ടെൻഷനെക്കുറിച്ചും ശരത് പങ്കുവെച്ചു: “ലോട്ടറി ടിക്കറ്റിന്റെ ചിത്രം ഫോണിലെടുത്ത് വെച്ചിരുന്നു. ഫലം വന്നയുടൻ അത് നോക്കി. ആദ്യം വിശ്വസിക്കാനായില്ല. രണ്ടുമൂന്നുതവണ നോക്കി. ആർക്കും ഇത് കാണിച്ചുകൊടുത്തില്ല. ഭാര്യയെ വിളിച്ച് ടിക്കറ്റ് നോക്കാൻ പറഞ്ഞു. ശേഷം വീട്ടിൽ പോകേണ്ട കാര്യമുണ്ടെന്ന് പറഞ്ഞ് ജോലി സ്ഥലത്തുനിന്നിറങ്ങി. വീട്ടിലെത്തി വീണ്ടും പരിശോധിച്ചു. അച്ഛനും അമ്മയും സഹോദരനും ഭാര്യയും കുഞ്ഞുമാണ് വീട്ടിലുള്ളത്.”
ശനിയാഴ്ച നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി എറണാകുളം നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതുമുതൽ ഭാഗ്യശാലിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു മാധ്യമങ്ങളും പ്രദേശവാസികളും. നെട്ടൂരിലെ ഒരു വീട്ടമ്മയ്ക്കാണ് സമ്മാനം ലഭിച്ചതെന്നും അവർ മാധ്യമങ്ങൾക്ക് മുന്നിലെത്തുമെന്നും ഏജന്റ് അറിയിച്ചിരുന്നുവെങ്കിലും അത് തെറ്റായ വിവരമായിരുന്നു. ഒടുവിൽ ഇന്നാണ് യഥാർത്ഥ ഭാഗ്യശാലി ആരാണെന്നറിഞ്ഞത്.
Sharath S. Nair from Thuravoor, Alappuzha, has been identified as the winner of the ₹25 crore Thiruvonam Bumper lottery













