ട്രംപിൻ്റെ ഇന്ത്യാ വിരുദ്ധ നയങ്ങൾക്ക് എതിരെ എന്തുകൊണ്ട് ഇന്ത്യൻ – അമേരിക്കൻ സമൂഹം പ്രതികരിക്കുന്നില്ല? ശശി തരൂർ എഴുതുന്നു

ട്രംപിൻ്റെ ഇന്ത്യാ വിരുദ്ധ നയങ്ങൾക്ക് എതിരെ എന്തുകൊണ്ട് ഇന്ത്യൻ – അമേരിക്കൻ സമൂഹം പ്രതികരിക്കുന്നില്ല? ശശി തരൂർ എഴുതുന്നു

ഇന്ത്യൻ-അമേരിക്കൻ കുടിയേറ്റ സമൂഹത്തെപ്പോലെ തിളക്കമാർന്ന വിജയം കൈവരിച്ചവർ ചുരുക്കമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏതൊരു വിഭാഗത്തേക്കാളും ഉയർന്ന ശരാശരി ഗാർഹിക വരുമാനം ഉള്ളവർ ഇന്ത്യൻ വംശജരാണ്. അമേരിക്കയിലെ മികച്ച കമ്പനികളുടെ സിഇഒമാർ, ആറ് കോൺഗ്രസ് അംഗങ്ങൾ, രണ്ട് മുൻ ഗവർണർമാർ, എഫ്ബിഐയുടെ തലവൻ, സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവ ഉൾപ്പെടെ ഫെഡറൽ ഏജൻസികളുടെ ഉന്നത സ്ഥാനത്തുള്ള ഒരു കൂട്ടം ഉദ്യോഗസ്ഥർ – എല്ലാവരും ഇന്ത്യൻ വംശജർ. ഇന്ത്യൻ സമൂഹത്തെ ഒരുമയുടേയും നേട്ടങ്ങളുടേയും വിജയ പ്രഭാവത്തിൻ്റേയും മാതൃകയായാണ് എല്ലാവരും വിലയിരുത്തുന്നത്.

എന്നാൽ സമീപ കാലത്ത് ഡോണൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ നിരവധി നയപരമായ ആക്രമണങ്ങൾ നടത്തിയത് ഇന്ത്യൻ അമേരിക്കക്കാർ കണ്ടതായി നടിക്കുന്നില്ല എന്നതാണ് സത്യം. ഇന്ത്യൻ കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തുക, എച്ച്-1ബി വിസ അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് ചുമത്തുക , ഇറാനിയൻ തുറമുഖമായ ചാബഹാറിൽ ഇന്ത്യയുടെ തന്ത്രപരമായ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുക, വിദ്യാർത്ഥി വിസകൾ നിയന്ത്രിക്കുക, കുടിയേറ്റ നിയമം കർശനമാക്കുക തുടങ്ങി ഇന്ത്യക്ക് ദോഷകരമായ നിരവധി കാര്യങ്ങൾ സംഭവിച്ചു. എന്നാൽ യുഎസിലെ ഇന്ത്യൻ പ്രവാസി സമൂഹം നിശ്ശബ്ദത പാലിക്കുകയാണ്. ആരും പ്രതികരിക്കുന്നതേയില്ല.

ഈ നിശബ്ദത അമ്പരപ്പിക്കുന്നതാണ്. യുഎസ് എഡിറ്റോറിയൽ ബോർഡുകളിലും, യൂണിവേഴ്‌സിറ്റി ഫാക്കൽറ്റികളിലും ഇന്ത്യൻ-അമേരിക്കക്കാർ ധാരാളമുണ്ട്. ഇന്ത്യക്കാരായ നിരവധി തിങ്ക് ടാങ്കുകളുമുണ്ട്. ഇവർ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് ധനസഹായം നൽകുന്നു, സെനറ്റർമാരെ ഉപദേശിക്കുന്നു, പൊതു ചർച്ചകൾക്ക് രൂപം നൽകുന്നു. അവർ ശബ്ദമില്ലാത്തവരല്ല. എന്നിട്ടും ഇന്ത്യക്ക് എതിരെ നടന്ന ആക്രമണം ഒരു ചർച്ചാ വിഷയമേ ആയില്ല.

അടുത്തിടെ , യുഎസ് കോൺഗ്രസ് പ്രതിനിധി സംഘവുമായുള്ള ഒരു ആശയവിനിമയ വേളയിൽ, എന്റെ ചോദ്യത്തിന് മറുപടിയായി ഒരു യുഎസ് പ്രതിനിധി എന്നോട് പറഞ്ഞത്,യുഎസ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരായി നടത്തുന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കുന്ന ഒന്നും, ഒരു ഫോൺ കോൾ പോലും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ്. എന്നാൽ ഇസ്രയേലിൻ്റെ വിഷയത്തിലൊക്കെ ആയിരക്കണക്കിന് കോളുകൾ ലഭിക്കാറുണ്ടെന്നും അവർ പറഞ്ഞു.അപ്പോൾ, ഇന്ത്യയുടെ സാമ്പത്തികവും തന്ത്രപരവുമായ താൽപ്പര്യങ്ങളെ ദുർബലപ്പെടുത്തുന്ന അമേരിക്കൻ നടപടികൾക്ക് എതിരെ, പ്രവാസികൾ എന്തുകൊണ്ട് സംസാരിക്കുന്നില്ല? ഇതാണ് എൻ്റെ ചോദ്യം.

ഇന്ത്യൻ-അമേരിക്കക്കാർ, പ്രത്യേകിച്ച് സ്വാധീന സ്ഥാനങ്ങളിലുള്ളവർ, പലപ്പോഴും തങ്ങളുടെ ഇന്ത്യൻ സാംസ്കാരിക പൈതൃകത്തിനും അമേരിക്കൻ പൌര സമൂഹത്തിന്റെ സാത്മീകരണത്തിനും ഇടയിൽ ഞാണിൽ മേൽ കളി നടത്തുന്നവരാണ്. അവരുടെ വിജയം ശ്രദ്ധാപൂർവ്വമായ ഒരു അളവുകോലിനെ അടിസ്ഥാനമാക്കിയുള്ളതാണ് – താങ്സ് ഗിവിങ് ഡേയും ദീപാവലിയും ഒരുപോലെ ആഘോഷിക്കുക, ജെഫേഴ്സണെ ഖണ്ഡിക്കാതെ ഗാന്ധിയെ കുറിച്ച് സംസാരിക്കുക അങ്ങനെ ഒരു സന്തുലിതാവസ്ഥ നിലനിർത്താൻ അവർ ശ്രമിക്കും. ഇന്ത്യയെ പ്രതിരോധിക്കുന്നതിനായി ശക്തമായി സംസാരിക്കുമ്പോൾ, പ്രത്യേകിച്ച് അമേരിക്കൻ സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുമ്പോൾ, ആ സന്തുലിതാവസ്ഥ തകരും. നിങ്ങളുടെ കൂറ് ആർക്കൊപ്പം എന്ന ചോദ്യം നേരിടേണ്ടതായി വരും. ഈ ദ്വന്ത്വ സ്വത്വ പ്രതിസന്ധി ഇന്ത്യക്കാരെ അലട്ടുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു.

ഈ ഉത്കണ്ഠ അടിസ്ഥാനരഹിതമല്ല. അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ വികാരത്തിന്റെ ആധിക്യം ന്യൂനപക്ഷ സമൂഹങ്ങളുടെ മേൽ ഒരു നീണ്ട നിഴൽ വീഴ്ത്തിയിട്ടുണ്ട്. ആദ്യ ട്രംപ് ഭരണകൂടത്തിലെ “മുസ്ലീം നിരോധനം” മുതൽ തെക്കൻ അതിർത്തിയിലെ “അധിനിവേശം” എന്ന ആരോപണം വരെ, അമേരിക്കക്കാർ അല്ലാത്തവരോടുള്ള കൂടുതൽ ശത്രുതാപരമായ രാഷ്ട്രീയ കാലാവസ്ഥയുടെ തെളിവാണ്. സാമ്പത്തിക വിജയം നേടിയിട്ടു കൂടി, ഇന്ത്യൻ-അമേരിക്കക്കാർ ഒരു ദൃശ്യ ന്യൂനപക്ഷമായതിനാൽ, ഈ വിദ്വേഷത്തിന് പാത്രമാകുന്നു. അത്തരമൊരു കാലാവസ്ഥയിൽ, നിശബ്ദത സ്വയം സംരക്ഷണമായി തോന്നിയേക്കാം.

കൂടുതൽ പ്രായോഗികമായ മറ്റൊരു തലം കൂടിയുണ്ട്. ഒരു തലമുറ മുമ്പ് യുഎസിൽ സ്ഥിരതാമസമാക്കിയ നിരവധി ഇന്ത്യക്കാർ, H-1B വിസകൾ ഇപ്പോൾ സ്വന്തം കുട്ടികളുടെ അവസരങ്ങളെ ദോഷകരമായി ബാധിക്കുന്നെന്ന് കരുതുന്നതായി ഇന്ത്യൻ-അമേരിക്കൻ സുഹൃത്തുക്കൾ എന്നോട് പറഞ്ഞു. അടുത്തിടെ, STEM ബിരുദധാരികളിൽ, കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്കു പോലും ജോലി കിട്ടുന്നില്ല. ഇവരിൽ പലരും ഇന്ത്യൻ-അമേരിക്കക്കാരാണ്. കൂടുതൽ ചെലവേറിയ അമേരിക്കൻ ജീവനക്കാരെ ജോലിക്കെടുക്കുന്നതിനേക്കാൾ പണം കുറച്ചു കൊടുത്ത് H-1B വിസ ഉടമകളെ ജോലിക്കെടുക്കാൻ ടെക് കമ്പനികൾ ഇഷ്ടപ്പെടുന്നു. അതിനാൽ, ഇത്തരം ഇന്ത്യൻ കുടുംബങ്ങൾ, ട്രംപിന്റെ നയത്തെ പിന്തുണക്കും എന്ന് ഉറപ്പ്

ഈ നിശബ്ദതയ്ക്ക് ഒരു തലമുറമാറ്റത്തിന്റെ കാരണവുമുണ്ട്. യുഎസിൽ ജനിച്ചു വളർന്ന പല രണ്ടാം തലമുറ ഇന്ത്യൻ-അമേരിക്കക്കാരും ഇന്ത്യയുമായി ഒരു അയഞ്ഞ ബന്ധം പുലർത്തുന്നവരാണ്. അവർക്ക്, ഇന്ത്യ പലപ്പോഴും ജീവിക്കുന്ന യാഥാർത്ഥ്യത്തേക്കാൾ പൂർവികരുടെ ചില ഓർമ്മകളുടെ ഒരു സ്ഥലം മാത്രമാണ്. അവർ ഹോളി ആഘോഷിക്കുകയും ക്രിക്കറ്റ് സ്കോറുകൾ പിന്തുടരുകയും ചെയ്തേക്കാം, പക്ഷേ അവരുടെ രാഷ്ട്രീയ ഇടപെടൽ അമേരിക്കയുമായി ബന്ധപ്പെട്ടതാണ്. അവർ എതിർക്കുന്നത് അമേരിക്കയ്ക്കുള്ളിലെ അനീതികളാണ് – പൊലീസ് അതിക്രമം, തോക്ക് അക്രമം, കാലാവസ്ഥാ വ്യതിയാനം – ഇതെല്ലാമാണ് അവരുടെ വിഷയങ്ങൾ. അല്ലാതെ ദക്ഷിണേഷ്യയുടെ ഭൂരാഷ്ട്രീയമല്ല.

ഇത് ഒരു പരാജയമല്ല, മറിച്ച് ഒരു മാറ്റമാണ്. പ്രവാസികളുടെ ഐഡന്റിറ്റി സ്ഥിരമായ ഒന്നല്ല; അത് പരിണമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാൽ അതിനർത്ഥം ഇന്ത്യയെ ലക്ഷ്യം വയ്ക്കുമ്പോൾ, പ്രതികരിക്കരുത് എന്നല്ല. H-1B സംവിധാനത്തെ പ്രതിരോധിക്കാൻ താൻ “യുദ്ധത്തിന് പോകും” എന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചു , പക്ഷേ ഇന്ത്യൻ-അമേരിക്കക്കാരായ സിഇഒമാർ ഒരക്ഷരം മിണ്ടിയിട്ടില്ല.

എന്നാൽ നിശബ്ദതക്ക് വലിയ വില കൊടുക്കേണ്ടി വരും. ഇന്ത്യയെ പ്രതിരോധിക്കുന്നതിൽ പ്രവാസികൾ പരാജയപ്പെടുമ്പോൾ, അവരുടെ ധാർമിക ശബ്ദമാണ് നഷ്ടമാവുന്നത്. ഇന്ത്യയെ ഒരു വ്യാപാര വഞ്ചകനായും, തന്ത്രപരമായ ഒരു പ്രകോപനമായും, പങ്കാളിത്തത്തിന് അർഹതയില്ലാത്ത ഒരു രാജ്യമായും ചിത്രീകരിക്കുന്ന ആഖ്യാനങ്ങൾ ഇതു മൂലം ശരിവയ്ക്കപെടുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവാസികളെ നമ്മുടെ രാജ്യത്തിന്റെ അംബാസഡർമാർ എന്ന് വാഴ്ത്തുകയുണ്ടായി. വളരെ ശ്രദ്ധാപൂർവ്വം വളർത്തിയെടുത്ത പ്രവാസികളെ കുറിച്ചുള്ള അഭിമാനത്തിന്റെ ആഖ്യാനത്തെയാണ് ഈ നിശബ്ദത ഇല്ലാതാക്കുന്നത്.

പക്ഷേ, നിശബ്ദത സാർവത്രികമല്ല. ആക്ടിവിസ്റ്റുകളും, അക്കാദമിക്കുകളും കമ്മ്യൂണിറ്റി നേതാക്കളും, നിക്കി ഹേലി, റോ ഖന്ന തുടങ്ങിയ ചില രാഷ്ട്രീയക്കാരും – ശബ്ദമുയർത്തിയിട്ടുണ്ട്. ചിലർ വിസ നിയന്ത്രണങ്ങളെ അപലപിച്ചു, മറ്റുള്ളവർ താരിഫുകളെ വിമർശിച്ചു. എന്നാൽ ഈ ഇടപെടലുകൾ പലപ്പോഴും ഒറ്റപ്പെട്ടതാണ്, മറ്റ് പ്രവാസികൾ കാട്ടിയിട്ടുള്ള ഏകോപിതമായ ശക്തിയുടെ അഭാവം ഇന്ത്യൻ സമൂഹത്തിനുണ്ട്.ഉദാഹരണത്തിന്, ജൂത-അമേരിക്കൻ സമൂഹം ഇസ്രായേലിനെ പ്രതിരോധിക്കാൻ പതിവായി ഫലപ്രദമായി അണിനിരക്കുന്നു. ക്യൂബൻ-അമേരിക്കൻ ലോബി പതിറ്റാണ്ടുകളായി ഹവാനയോടുള്ള യുഎസ് നയം രൂപപ്പെടുത്തിയതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ-അമേരിക്കൻ സമൂഹം, നേരെമറിച്ച്, പ്രദേശം, മതം, രാഷ്ട്രീയം എന്നിവയാൽ വിഭജിക്കപ്പെട്ടിരിക്കുകയാണ്.

ട്രംപിന്റെ ബിസിനസ്സ് അനുകൂല നിലപാട്, ചൈനയോടുള്ള അദ്ദേഹത്തിന്റെ കടുത്ത നിലപാട്, ഹിന്ദു ദേശീയ വികാരത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം എന്നിവയാൽ ആകർഷിക്കപ്പെട്ട നിരവധി ഇന്ത്യൻ-അമേരിക്കക്കാർ അദ്ദേഹത്തെ പിന്തുണച്ചു. ട്രംപും മോദിയും ഒരേ വേദി പങ്കിട്ട ഹൂസ്റ്റണിലെ “ഹൗഡി മോദി” റാലി ഈ യോജിപ്പിന്റെ പ്രതീകമായിരുന്നു. പ്രവാസികളിൽ വലിയൊരു വിഭാഗം ട്രംപിനെ ഒരു സുഹൃത്തായി കണ്ടിരുന്നു. എന്നാൽ സൗഹൃദം പരീക്ഷിച്ച് അറിയേണ്ട ഒന്നാണ്. താരിഫുകൾ ഇന്ത്യൻ കയറ്റുമതിക്കാരെ വേദനിപ്പിക്കുന്നുവെങ്കിൽ, വിസ ഫീസ് ഇന്ത്യൻ പ്രൊഫഷണലുകളെ ശിക്ഷിക്കുന്നുവെങ്കിൽ, ഉപരോധങ്ങൾ ഇന്ത്യയുടെ തന്ത്രപരമായ പരമാധികാരത്തെ തടസ്സപ്പെടുത്തുന്നുവെങ്കിൽ,ഈ നിശബ്ദത തെറ്റിന് കൂട്ടുനിൽക്കുന്നതിനു തുല്യമാണ്. കാട്ടികൂട്ടലുകളേയും അടിസ്ഥാന നയത്തെയും വേർതിരിച്ചറിയാൻ പ്രവാസികൾ പഠിക്കണം. ഹ്യൂസ്റ്റണിലെ ഒരു ഹസ്തദാനം ന്യൂഡൽഹിയുടെ മേലുള്ള ഉപരോധം ഇല്ലാതാക്കുന്നില്ല.

ഇന്ത്യൻ ഡയസ്പോറ എന്നതിന്റെ അർത്ഥമെന്താണ്? ബോളിവുഡ് സിനിമകൾ, ബിരിയാണി, ഭരതനാട്യം – തുടങ്ങിയ സാംസ്കാരിക നൊസ്റ്റാൾജിയയുടെ മാത്രം പ്രശ്നമാണോ അത്? അതോ മാതൃരാജ്യത്തിന് നേരെ അന്യായം സംഭവിക്കുമ്പോൾ , രാഷ്ട്രീയ ഉത്തരവാദിത്തം ഉൾക്കൊണ്ടുണ്ട് – അതിനെ പ്രതിരോധിക്കുക, അധികാരത്തിലിരിക്കുന്നവരോട് നേർക്കു നിന്ന് സത്യം പറയുക, ഒരു കാഴ്ചക്കാരനായല്ല, ഇരു രാജ്യങ്ങൾ തമ്മിൽ ഒരു പാലമായി പ്രവർത്തിക്കുക അതല്ലേ വേണ്ടത്

ആഖ്യാനങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള എല്ലാ വിഭവങ്ങളും, കഴിവും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിനുണ്ട്. കോൺഗ്രസിൽ ലോബിയിങ് നടത്താനും മാധ്യമങ്ങളെ സ്വാധീനിക്കാനും പൊതുജനാഭിപ്രായം രൂപീകരിക്കാനുമുള്ള ശേഷിയുണ്ട്.

എന്നാൽ അത് ആദ്യം അതിന്റെ ശബ്ദം കണ്ടെത്തണം. അന്ധമായ ദേശീയതയുടെ ശബ്ദമല്ല, മറിച്ച് മൌലികമായ ഐക്യദാർഢ്യത്തിന്റെ ശബ്ദം. ഡൽഹിയെ വെറുതെ പ്രതിധ്വനിപ്പിക്കുന്ന ശബ്ദമല്ല, മറിച്ച് വാഷിംഗ്ടണിൽ ഇടിമുഴക്കം പോലെ മാറ്റൊലികൊള്ളുന്ന ശബ്ദമായിരിക്കണം അത്.

ഇന്ത്യയും പ്രവാസികളുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. പ്രവാസികളെ വെറും പണത്തിന്റെ ഉറവിടം മാത്രമായോ ഒരു സോഫ്റ്റ് പവർ ആയോ അല്ല പരിഗണിക്കേണ്ടത്. പ്രവാസി സമൂഹം ഒരു സ്ട്രാറ്റജിക് ഇടമാണ്. അത് മനസ്സിലാക്കണം ഒപ്പം പ്രവാസികളുടെ പരിമിതികൾ മനസ്സിലാക്കുകയും അവർക്കു വേണ്ടി നിലകൊള്ളുകയും വേണം. ഇന്ത്യ – അമേരിക്ക ബന്ധം മെച്ചപ്പെടുത്താൻ വാഷിംഗ്ടൺ ലോബിയിസ്റ്റുകൾക്കായി ദശലക്ഷക്കണക്കിന് ചെലവാക്കിയിട്ടും ഒരു കാര്യവുമുണ്ടായില്ല എന്നോർക്കണം. അവിടെയാണ് പ്രവാസികൾ സ്വാധീന ശക്തിയാകേണ്ടത്.

ഒരു സമൂഹത്തിന്റെ മേന്മ അളക്കുന്നത് അതിന്റെ സമ്പത്തോ പദവികളോ കൊണ്ടല്ല, മറിച്ച് മാതൃരാജ്യത്തിനുവേണ്ടി നിലകൊള്ളാനുള്ള സന്നദ്ധതയെ അടിസ്ഥാനമാക്കിയാണെന്ന് ഓർമ്മിക്കുക.

(പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ ‘ദ് ന്യൂ ഇന്ത്യൻ എക്സ് പ്രസ് പത്രത്തിൽ എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷ)

Shashi Tharoor about Indian diaspora in US on trump policy

Share Email
Top