ന്യൂഡൽഹി: ഈജിപ്തിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയിലേക്ക് സഹമന്ത്രിയെ അയക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യംചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. രംഗത്ത്. ഇത് ഇന്ത്യയുടെ തന്ത്രപരമായ അകലം പാലിക്കലാണോ അതോ അവസരം നഷ്ടപ്പെടുത്തിയതാണോ എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഈജിപ്ത് പ്രസിഡന്റിന്റെ നേരിട്ടുള്ള ക്ഷണമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഷറം അൽ ഷെയ്ഖിൽ നടക്കുന്ന ഉന്നതതല ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് പങ്കെടുത്തത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി എന്നിവർ സംയുക്തമായി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇരുപതിലധികം രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്നുണ്ട്. ഗാസ സമാധാനക്കരാറിന്റെ രൂപരേഖയും യുദ്ധാനന്തര ഗാസയുടെ പുനർനിർമാണവുമാണ് യോഗത്തിൽ ചർച്ചചെയ്യുന്നത്.
അവിടെ ഒത്തുകൂടിയ രാഷ്ട്രത്തലവന്മാരുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പ്രാതിനിധ്യം തികച്ചും വ്യത്യസ്തമാണെന്ന് തരൂർ അഭിപ്രായപ്പെട്ടു. ഇത് കീർത്തി വർധൻ സിങ്ങിന്റെ കഴിവ് ചോദ്യം ചെയ്യുകയല്ലെന്നും, സമ്മിശ്രമായ സന്ദേശമാണ് ഇത് നൽകുന്നതെന്നും തരൂർ പറഞ്ഞു. പങ്കെടുക്കുന്ന പ്രമുഖരുടെ വലിയ നിര കണക്കിലെടുക്കുമ്പോൾ ഇന്ത്യയുടെ ഈ തീരുമാനം തന്ത്രപരമായ അകലം പാലിക്കാനുള്ള താല്പര്യമായാണ് കാണാനാവുക. എന്നാൽ വിഷയത്തിൽ നമ്മുടെ പ്രസ്താവനകൾ അങ്ങനെയൊരു സൂചന നൽകുന്നില്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഈ നീക്കത്തിന് പ്രായോഗികമായ ചില പ്രത്യാഘാതങ്ങളുണ്ടാകുമെന്നും തരൂർ മുന്നറിയിപ്പ് നൽകി. പ്രോട്ടോക്കോൾ പ്രകാരമുള്ള പരിഗണനയുടെ കാരണങ്ങളാൽ മാത്രം ഗാസ പുനർനിർമ്മാണ ചർച്ചകളിൽ ഇന്ത്യയുടെ ശബ്ദത്തിന് ഉണ്ടാകേണ്ടിയിരുന്ന ഗൗരവം കുറഞ്ഞേക്കാമെന്നും തരൂർ പറഞ്ഞു. അതേസമയം വിഷയത്തിൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സാന്നിധ്യമുണ്ടെന്നതാണ് ഇന്ത്യയുടെ ഈ അകൽച്ചയ്ക്ക് പിന്നിലെ കാരണമെന്ന വിലയിരുത്തലുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഷഹബാസുമായി വേദി പങ്കിടുന്നത് ഒഴിവാക്കാനാണ് ഇന്ത്യയുടെ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ, ഇന്ത്യ-പാക് വെടിനിർത്തലിന്റെ ഉത്തരവാദിയായി സ്വയം ഏറ്റുപറയുന്ന ട്രംപിന്റെ അധ്യക്ഷതയിലാണ് യോഗമെന്നതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Shashi Tharoor M.P. questioned India’s decision to send a junior minister to the Gaza Peace Summit in Egypt













