ഇൻഡോറിൽ ഓസ്‌ട്രേലിയൻ വനിതാ ലോകകപ്പ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പ്രതി പിടിയിൽ

ഇൻഡോറിൽ ഓസ്‌ട്രേലിയൻ വനിതാ ലോകകപ്പ്  താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; പ്രതി പിടിയിൽ

ഐ.സി.സി. വനിതാ ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾക്കെതിരെ ഇൻഡോറിൽ വെച്ച് ലൈംഗികാതിക്രമ ശ്രമം. കഴിഞ്ഞ ദിവസം രാവിലെ ഹോട്ടലിൽ നിന്ന് സമീപത്തുള്ള ഒരു കഫേയിലേക്ക് നടന്നുപോകുമ്പോളാണ് താരങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. അഖീൽ ഖാൻ എന്നയാളാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ ഇയാൾ താരങ്ങളെ പിന്തുടരുകയും ഒരാളെ അപമര്യാദയായി സ്പർശിച്ച ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.

സംഭവത്തിൽ ഭയന്നുപോയ കളിക്കാർ ഉടൻ തന്നെ തങ്ങളുടെ ടീം സുരക്ഷാ ഉദ്യോഗസ്ഥനായ ഡാനി സിമ്മൺസിന് അടിയന്തര സന്ദേശം നൽകുകയും തത്സമയ ലൊക്കേഷൻ അയക്കുകയും ചെയ്തു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ ഹോട്ടലിലേക്ക് തിരികെയെത്തിച്ചു. സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ടീമിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എം.ഐ.ജി. പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്യുകയും ഉടൻ തന്നെ പ്രതിക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

വിവരം ലഭിച്ചതിനെ തുടർന്ന് അഞ്ച് പോലീസ് സ്റ്റേഷനുകൾ ഏകോപിപ്പിച്ചുള്ള ഊർജിതമായ തിരച്ചിലിനൊടുവിൽ മണിക്കൂറുകൾക്കകം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഖജ്രാന സ്വദേശിയായ അഖീലിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് അറിയിച്ചു. ദേശീയ തലത്തിൽ തന്നെ ചർച്ചയായ ഈ സംഭവം നഗരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയും, കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധിക പോലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.



Share Email
LATEST
More Articles
Top