ദില്ലി : ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് അന്തിമവാദം കേൾക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വിഷയത്തിൽ കോടതി സ്വീകരിക്കുന്ന നിലപാട് അതീവ നിർണായകമാണ്.
ബീഹാറിലെ വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ‘സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ’ (SIR) എന്ന പേരിൽ തീവ്രമായ ഒരു പരിഷ്കരണ പ്രക്രിയ നടത്തിയിരുന്നു. ഈ പ്രക്രിയയുടെ ഭാഗമായി ഏകദേശം 65 ലക്ഷത്തോളം വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് വിവാദമായത്. മരണപ്പെട്ടവർ, സ്ഥിരമായി കുടിയേറിയവർ, കണ്ടെത്താൻ കഴിയാത്തവർ, ഇരട്ടിപ്പുകൾ എന്നിവയുടെ പേരിലാണ് ഇവരെ ഒഴിവാക്കിയത്.
എന്നാൽ, ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും നിരക്ഷരരും ദരിദ്രരുമായ യഥാർത്ഥ വോട്ടർമാരെ പുറത്താക്കാൻ കാരണമാകുമെന്നും ആരോപിച്ച് ആർജെഡി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പോലുള്ള സംഘടനകളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
പരിഷ്കരണ നടപടികൾക്ക് സ്റ്റേ അനുവദിക്കാൻ കോടതി വിസമ്മതിച്ചിരുന്നെങ്കിലും, ഒഴിവാക്കിയ 65 ലക്ഷം വോട്ടർമാരുടെ പേര് വിവരങ്ങളും അവരെ ഒഴിവാക്കാനുള്ള കാരണങ്ങളും ബൂത്ത് തലത്തിൽ പ്രസിദ്ധപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു. കൂടാതെ, വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനോ എതിർപ്പുകൾ സമർപ്പിക്കുന്നതിനോ ഉള്ള തിരിച്ചറിയൽ രേഖകളുടെ പട്ടികയിൽ ആധാർ കാർഡ് കൂടി ഉൾപ്പെടുത്താനും കോടതി നിർദ്ദേശിച്ചു. പരിഷ്കരണ നടപടികളിൽ നിയമവിരുദ്ധമായ രീതികൾ കണ്ടെത്തിയാൽ പുതിയ വോട്ടർ പട്ടിക പൂർണ്ണമായി റദ്ദാക്കുമെന്നും സുപ്രീംകോടതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നൽകിയിരുന്നു.
കോടതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നടപടികൾ പൂർത്തിയാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷൻ, സെപ്റ്റംബർ 30 ന് ബീഹാറിലെ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കിയിരുന്നു. പരിഷ്കരണത്തിന് മുൻപുണ്ടായിരുന്ന 7.89 കോടി വോട്ടർമാരിൽ നിന്നും അന്തിമ പട്ടികയിലെത്തിയത് ഏകദേശം 7.42 കോടി വോട്ടർമാരാണ്.പുതിയ പട്ടിക റദ്ദാക്കപ്പെടുമോ അതോ നിലവിലെ പട്ടികയുമായി മുന്നോട്ട് പോകാൻ അനുമതി നൽകുമോ എന്നറിയാൻ ഇന്ന് നടക്കുന്ന അന്തിമവാദം നിർണ്ണായകമാണ്.













