എഡിസൺ, ന്യൂജേഴ്സി: മാധ്യമസ്വാതന്ത്ര്യം ലോകമെമ്പാടും ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ.) 11-ാമത് അന്താരാഷ്ട്ര മാധ്യമ സെമിനാറിൻ്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളാണെങ്കിലും, ആ അവകാശങ്ങൾ പതിയെ ഇല്ലാതായി വരികയാണെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ മാധ്യമ സംവിധാനം തീവ്രവും സജീവവുമാണ്. അതിൻ്റേതായ ഗുണവും ദോഷവുമുണ്ടെങ്കിലും, കേരളം വേറിട്ട് നിൽക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളുടെ വലിയ സംഭാവനകൾ കൊണ്ടുതന്നെയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സോഷ്യൽ മീഡിയ നിയന്ത്രണം അനിവാര്യം
ആധുനിക കാലത്ത് സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ ഒരു സംവിധാനം അത്യാവശ്യമാണെന്ന് എം.പി. അഭിപ്രായപ്പെട്ടു. ആരെക്കുറിച്ചും എന്തും പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്ന രീതിയിലേക്ക് സമൂഹമാധ്യമങ്ങൾ മാറിയിരിക്കുന്നു. ഇവയെ നിയന്ത്രിക്കാൻ സംവിധാനം വന്നില്ലെങ്കിൽ അത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്നും എൻ.കെ. പ്രേമചന്ദ്രൻ മുന്നറിയിപ്പ് നൽകി.

ഐ.പി.സി.എൻ.എ. സമ്മേളനം സമാപിച്ചു
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റെ ശബ്ദമായി മാധ്യമങ്ങൾ നിലകൊള്ളണമെന്നും, സമൂഹത്തിൻ്റെ നീതിബോധമായി എന്നും നിലനിൽക്കണമെന്നും ചടങ്ങിൽ സംസാരിച്ച പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.

ഐ.പി.സി.എൻ.എ.യുടെ വിജയത്തിന് കരുത്തായത് അഡ്വൈസറി ബോർഡാണെന്ന് പ്രസിഡൻ്റ് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും സംഘടനയ്ക്ക് ശക്തമായ പിന്തുണ നൽകിയത് അഡ്വൈസറി ബോർഡാണ്. ജനറൽ സെക്രട്ടറി ഷിജോ പൗലോസ് ഉൾപ്പെടെ എല്ലാ ഭാരവാഹികളുടെയും പിന്തുണ പ്രശംസനീയമാണെന്നും, സ്പോൺസർമാരുടെ പിന്തുണയാണ് സമ്മേളനത്തിൻ്റെ പ്രധാന വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

















