സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് 21 ന് തിരുവന്തപുരത്ത് തുടക്കമാകും; മികച്ച ജനറല്‍ സ്‌കൂളിന് രണ്ടരലക്ഷം രൂപ പാരിതോഷികം

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് 21 ന് തിരുവന്തപുരത്ത് തുടക്കമാകും; മികച്ച ജനറല്‍ സ്‌കൂളിന് രണ്ടരലക്ഷം രൂപ പാരിതോഷികം

തിരുവനന്തപുരം: കൗമാര കായികക്കുതിപ്പിന് തുടക്കമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഒളിമ്പിക്്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് 21 ന് അനന്തപുരിയുടെ മണ്ണില്‍ തുടക്കമാകും. 21 ന് വൈകുന്നേരം നാലിന് . തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും.

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ. വാസുകി സ്വാഗതം ആശംസിക്കും. സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സഞ്ജു വി.സാംസണ്‍, ഗുഡ് വില്‍ അംബാസിഡര്‍ കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ഈ മാസം 21 മുതല്‍ 28 വരെയാണ് സംസ്ഥാന സ്‌കൂള്‍ ഓളിംപിക്സ് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ ഒളിന്പിക്‌സിനോടനുബന്ധിച്ച് കാസര്‍കോട് നീലേശ്വരത്തുനിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ സംസ്ഥാന തല പര്യടനം ഇന്നു തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ജില്ലയുടെ അതിര്‍ത്തിയായ തട്ടത്തുമല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും. എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും.

20നും 21നും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങും. ദീപശിഖാ പ്രയാണം ഇന്ന് എറണാകുളത്തുനിന്ന് ആരംഭിക്കും. ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ സ്വീകരണം ഏറ്റുവാങ്ങി നാളെ തിരുവനന്തപുരത്തെത്തും. മികച്ച സ്‌കൂളിനുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ് ട്രോഫിക്കായി ജനറല്‍ സ്‌കൂളും സ്പോര്‍ട്സ് സ്‌കൂളും കാറ്റഗറികളായി പരിഗണിച്ച് ഓരോ കാറ്റഗറിയില്‍നിന്നും മികച്ച സ്‌കൂള്‍ തെരഞ്ഞെടുക്കും.

കൂടുതല്‍ പോയിന്റ് നേടിയ ജില്ല നിര്‍ണയിക്കുന്നതിന് ജനറല്‍ സ്‌കൂള്‍, സ്പോര്‍ട്സ് സ്‌കൂള്‍ വ്യത്യാസമില്ലാതെ രണ്ടു കാറ്റഗറിയിലെ സ്‌കൂളുകളും നേടുന്ന ആകെ പോയിന്റുകള്‍ ഒരുമിച്ചു കണക്കാക്കും. അത്ലറ്റിക്സില്‍ മികച്ച ജനറല്‍ സ്‌കൂളിനുള്ള ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് 2.5 ലക്ഷം, 1.75 ലക്ഷം, 1.25ലക്ഷം രൂപയായി വര്‍ധിപ്പിക്കും. അത്ലറ്റിക്സ് വിഭാഗത്തില്‍ സ്പോര്‍ട്സ് സ്‌കൂളുകളില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം, രണ്ടാം സ്ഥാനക്കാര്‍ക്ക് 75,000, മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 എന്നിങ്ങനെ നല്‍കും.

State School Sports Festival to begin in Thiruvananthapuram on 21st; Rs 2.5 lakh prize money for best general school

Share Email
LATEST
Top