താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കു നേരെയുണ്ടായ ആക്രമണത്തിൽ കെജിഎംഒ വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കു നേരെയുണ്ടായ ആക്രമണത്തിൽ കെജിഎംഒ വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ ദിനം ആചരിക്കും

തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കു നേരെയുണ്ടായ ആക്രമണത്തിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധിക്കും.

താമരശ്ശേരിയിൽ നടന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ടും ആശുപത്രി ആക്രമങ്ങൾ തടയാൻ സംഘടന മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒ അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും വിട്ടുനിൽക്കും. എല്ലാ സ്ഥാപനങ്ങളിലും സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ എല്ലാ ആശുപത്രികളിലും കാഷ്വാലിറ്റി ഒഴികെയുള്ള സേവനങ്ങൾ പൂർണ്ണമായും നിർത്തിവെച്ച് പ്രതിഷേധിക്കുമെന്നും സംഘടന വ്യക്തമാക്കി.

മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിൽ സമയബന്ധിതമായി പരിഹാരം ഉണ്ടാവുന്നില്ലെങ്കിൽ രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തിവെച്ചുകൊണ്ടുള്ള വ്യാപകമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും കെജിഎംഒ വ്യക്തമാക്കി.

ഡോക്ടർമാരുടെ ആവശ്യങ്ങൾ

1) ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുക

2) ട്രയാജ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുകയും അത്യാഹിത വിഭാഗങ്ങളിൽ ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുകയും ചെയ്യുക.

3) പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന സർക്കാർ വാഗ്ദാനം പാലിക്കുക

4) ആശുപത്രികളിലെ സുരക്ഷ സംബന്ധിച്ച് ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞതുപോലെ മേജർ ആശുപത്രികളിലെ സുരക്ഷയ്ക്കായി ടകടഎ നെ നിയോഗിക്കുക.

5) എല്ലാ ആശുപത്രികളിലും CCTV സംവിധാനം സ്ഥാപിക്കുക

6) ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കണമെന്ന സർക്കാർ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വിമുക്തഭടന്മാരുടെ നിയമനം ഉറപ്പു വരുത്തുകയും ചെയ്യുക

കുറ്റബോധമില്ലാതെ പ്രതി സനൂപ്‌

അതേസമയം, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്. ഡോക്ടർക്കുള്ള വെട്ട് വീണാ ജോർജിനും ആരോഗ്യവകുപ്പിനും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് പ്രതി പറഞ്ഞു. മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോൾ മാധ്യമങ്ങളോടായിരുന്നു പ്രതിയുടെ പ്രതികരണം. ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാത്ത തരത്തിലാണ് സനൂപ് മൊഴിയെടുക്കുന്നതിനിടെയും പൊലീസിനോട് പ്രതികരിച്ചതെന്നാണ് വിവരം. സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിനു പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

വൈകിട്ടായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം നടന്നത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ പിതാവാണ് ആക്രമണം നടത്തിയ സനൂപ്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വിപിൻ എന്ന ഡോക്ടർക്ക് നേരെയായിരുന്നു ആക്രമണം. വടിവാൾ ഉപയോഗിച്ച് സനൂപ് ആക്രമിക്കുകയായിരുന്നു. രണ്ട് മക്കൾക്കൊപ്പമായിരുന്നു ഇയാൾ ആശുപത്രിയിൽ എത്തിയത്. മക്കളെ പുറത്ത് നിർത്തിയ ശേഷം സൂപ്രണ്ടിനെ തിരഞ്ഞ് മുറിയിൽ എത്തി. ഇതിനിടെയാണ് ഡോക്ടർ വിപിനെ കാണുന്നതും ആക്രമിക്കുന്നതും. ഡോക്ടറുടെ തലയ്ക്കാണ് വെട്ടേറ്റത്. തലയോട്ടിയിൽ പത്ത് സെന്റീമീറ്റർ നീളത്തിൽ മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ഹെഡ് ഡോ. ഫാബിത് മൊയ്തീൻ പറഞ്ഞു. ഡോക്ടർക്ക് സംസാരിക്കാൻ കഴിയുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നത് ഓർമയുണ്ട്. ഡോക്ടറുടെ തലയിൽ മൈനർ സർജറി ആവശ്യമാണെന്നും ഡോ. ഫാബിത് മൊയ്തീൻ പറഞ്ഞു. ഡോക്ടർ വിപിനെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, ഓഗസ്റ്റ് പതിനാലിനായിരുന്നു അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില് ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. അനയയെ ആദ്യം പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. അവിടെ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായ കാലതാമസമാണ് അനയയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.

ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ. കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമില്ലെന്ന് ഒരു ഡോക്ടർ പറഞ്ഞിരുന്നുവെന്നും അതിന് ശേഷം സനൂപ് അസ്വസ്ഥനായിരുന്നെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ഇതേപ്പറ്റി സൂപ്രണ്ടിനോട് ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം പ്രതികരിച്ചിരുന്നില്ല. നേരത്തെ റഫർ ചെയ്തിരുന്നെങ്കിൽ മകളുടെ ജീവൻ രക്ഷിക്കാനാവുമായിരുന്നു എന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞിരുന്നുവെന്നും സനൂപിന്റെ ഭാര്യ പറഞ്ഞു.

അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച മകളുടെ മരണ സർട്ടിഫിക്കറ്റ് യഥാസമയം ലഭിക്കാത്തത് സംബന്ധിച്ച് ഡോക്ടറെ ആക്രമിച്ച പ്രതി സനൂപിന് ആശയക്കുഴപ്പമുണ്ടായിരുന്നതായി താലൂക്ക് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അനൂപിന്റെ മകളെ ഓഗസ്റ്റിൽ പനിബാധയെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെ ഒപിയിലാണ് എത്തിച്ചത്. പരിശോധനകൾക്കിടെ കുട്ടിക്ക് അപസ്‌മാരം വന്നു. രോഗം ഗുരുതരമാണെന്ന വിലയിരുത്തലിൽ വൈകിട്ട് മൂന്നു മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. കോഴിക്കോട് ആശുപത്രിയിൽ ഓഗസ്റ്റ് 14ന് മകളുടെ മരണം സംഭവിച്ചതിനു ശേഷം മറ്റു മക്കൾക്കും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനാൽ അവരുടെ ചികിത്സ പൂർത്തിയായ ശേഷം സെപ്റ്റംബർ പകുതിയോടെയാണ് പിതാവ് സനൂപ് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ കാണാൻ എത്തിയത്. മകളുടെ മരണ സർട്ടിഫിക്കറ്റ് തേടിയാണ് എത്തിയതെന്നും മകളുടെ മരണകാരണം വ്യക്തമല്ലെന്നും പറഞ്ഞായിരുന്നു സനൂപ് സൂപ്രണ്ടിനെ കണ്ടത്. എന്നാൽ താലൂക്ക് ആശുപത്രിയിൽ നിന്നല്ല മരണം സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതിനാൽ മരണമുണ്ടായ തദ്ദേശഭരണസ്ഥാപനമായ കോഴിക്കോട് കോർപ്പറേഷനിൽ നിന്നാണ് സർട്ടിഫിക്കറ്റ് നൽകേണ്ടതെന്നും സൂപ്രണ്ട് സനൂപിനെ പറഞ്ഞു മനസിലാക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലുണ്ടായ വീഴ്ച കാരണമാകാം സർട്ടിഫിക്കറ്റും മറ്റും ലഭിക്കാത്തതെന്ന തെറ്റിദ്ധാരണ സനൂപിന്റെ മനസ്സിലുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

State-wide protest day on Thursday over attack on doctor at Taramassery Taluk Hospital

Share Email
LATEST
Top