തിരുവനന്തപുരം: ശബരിമല സ്വര്‍ണമോഷണക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണന്‍പോറ്റി കൈമാറിയ സ്വര്‍ണത്തിന്റെ ചിലഭാഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. ഗോവര്‍ധനു നല്കിയ സ്വര്‍ണത്തില്‍ 400 ഗ്രാമിനു മുകളിലുള്ള സ്വര്‍ണക്കട്ടികള്‍ കര്‍ണാടക ബല്ലാരിയിലെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു.
അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പുളിമാത്തെ വസതിയില്‍ നിന്നാണ് സ്വര്‍ണ നാണയങ്ങള്‍ കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണസംഘം ഉണ്ണികൃഷ്ണന്‍പോറ്റിയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. ഇപ്പോള്‍ ബാംഗളൂരിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ബംഗളൂരുവിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്, ബെല്ലാരിയില്‍ സ്വര്‍ണം വില്‍പ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികള്‍ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഈ മാസം 30ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണം സുഹൃത്ത് ഗോവര്‍ദ്ധനന് കൈമാറി എന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇത്തരത്തില്‍ കൈമാറിയ സ്വര്‍ണം കണ്ടെത്താന്‍ കഴിയുമോ എന്നതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
Stolen and sold gold bars found: Crucial evidence in Sabarimala gold theft case













