എ.എസ് ശ്രീകുമാര്‍-ഫോമാ ന്യൂസ് ടീം
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനനായ ഫോമായുടെ 2026-ലെ ഒമ്പതാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്റെ ചെയര്‍മാനായി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും വ്യവസായിയുമായ സുബിന്‍ കുമാരനെയും ജനറല്‍ കണ്‍വീനറായി സംഘാടകനായ ജോയി എന്‍ സാമുവലിനെയും ഫോമാ മിഡ് ടേം ജനറല്‍ ബോഡി തിരഞ്ഞെടുത്തതായി പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍, നിലവിലെ ചെയര്‍മാന്‍ മാത്യൂസ് മുണ്ടയ്ക്കല്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ജനറല്‍ കണ്‍വീനറായ സുബിന്‍ കുമാരനെ തല്‍സ്ഥാനത്തേയ്ക്ക് നിയോഗിച്ചതെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു.
2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 തീയതികളില്‍ ഹൂസ്റ്റണില്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ ഏറ്റവും ഭംഗിയായി നടത്തുകയെന്നതാണ് തന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്ന് സുബിന്‍ കുമാരന്‍ പറഞ്ഞു. യു.എസ്.എ, യു.കെ, ദുബായ്, ഇന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയായ കിയാന്‍ ഇന്റര്‍നാഷണല്‍ എല്‍.എല്‍.സിയുടെ മാനേജിങ് ഡയറക്ടറായ സുബിന്‍ കുമാരന്‍ ഫോമായുടെ സജീവ പ്രവര്‍ത്തകനാണ്. സതേണ്‍ റീജിയന്റെ ബിസിനസ് ഫോറം ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ പിറവം തിരുമാറാടിയിലുള്ള മണ്ണത്തൂര്‍ സ്വദേശിയായ സുബിന്‍ ബാലസംഘത്തിലൂടെ സ്‌കൂള്‍തലം മുതല്‍ പൊതുരംഗത്തെത്തി. ബാലസംത്തിന്റെ ജില്ലാ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം എം.ജി യൂണിവേഴിസിറ്റി, എറണാകുളം മഹാരാജാസ് കേളേജ് യൂണിയന്‍ ഭാരവാഹിയായിരുന്നു.
നിലവില്‍ ലോകകേരള സഭയുടെ അമേരിക്കയില്‍ നിന്നുള്ള പ്രതിനിധിയായ സുബിന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ മാതൃകാപരമാണ്. ഇടുക്കി ജില്ലയിലെ ആദിവാസി മേഖലയിലുള്ള കുറത്തിക്കുടി, പെട്ടിമുടി സര്‍ക്കാര്‍ സ്‌കൂളുകളിലെ 100-ലധികം നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി പഠിപ്പിക്കുന്നുണ്ട്, കൂടാതെ കണ്ണൂരില്‍ രണ്ട് നേഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഓരോ സെമസ്റ്ററിനും 50,000 രൂപയുടെ വിദ്യാഭ്യാസ സഹായവും നല്‍കിവരുന്നു. കേരളാ ടൂറിസം മേഖലിയിലെ സംരംഭകനുമാണ് സുബിന്‍.
അമേരിക്കയിലെ അറ്റവും വലിയ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹുസ്റ്റന്റെ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച സുബിന്‍ ഈ സംഘടനയെ മികവിന്റെ മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സ്‌കൂള്‍-കേളേജ്-യൂണിവേഴ്‌സിറ്റി രംഗത്ത് നിരവധി പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്തും പിന്നീട് അമേരിക്കയില്‍ നിരവധി ഷോകള്‍ ഉള്‍പ്പെടെയുള്ള മെഗാ ഇവന്റുകള്‍ സംഘടപ്പിച്ചുമുള്ള പ്രവര്‍ത്തന പാരമ്പര്യവുമായാണ് സുബിന്‍ കുമാരന്‍ ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ 2026-ന്റെ ചെയര്‍മാനായി എത്തുന്നത്.
ഫോമാ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട ജോയി എന്‍ സാമുവല്‍, ഹൂസ്റ്റണില്‍ നടന്ന ഫോമായുടെ പ്രഥമ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ചെയര്‍മാനായിരുന്നു. ആ സ്ഥാനത്തിരുന്നുകൊണ്ട് കണ്‍വന്‍ഷന്റെ വിജയത്തിനായി എല്ലാ തലങ്ങളിലും പ്രവര്‍ത്തിച്ച് തന്റെ സംഘാടന മികവ് അദ്ദേഹം പ്രകടമാക്കി. ജോയി എന്‍ സാമുവലും ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായരുടെ പത്‌നിയും കൂടിയാണ് ഫോമാ എന്ന പേര് അംഗീകാരത്തിനായി സമര്‍പ്പിച്ചത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. 2022-ലെ കാന്‍കൂണ്‍ കണ്‍വന്‍ഷനിലും രജിസ്‌ട്രേഷന്‍ ചുമതല നിര്‍വഹിച്ചു.
ചെങ്ങന്നൂരിനടുത്ത് കൊഴുവല്ലൂര്‍ ചേരിയില്‍ നാടാവള്ളില്‍ സാമുവല്‍ സാര്‍-അമ്മിണി ദമ്പതികളുടെ മകനായ ജോയി എന്‍ സാമുവല്‍ ഇലക്‌ട്രോണിക് എഞ്ചിനീയറായാണ് അമേരിക്കയില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. നിലവില്‍ ഫോമാ സതേണ്‍ റീജിയണ്‍ ട്രഷറര്‍ ട്രഷററായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പ്രമുഖ റിയല്‍റ്ററായ ജോയി (പ്രോംപ്റ്റ് റിയല്‍റ്റി ആന്‍ഡ് മോര്‍ട്ട്‌ഗേജ്) ഹൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ട്രസ്റ്റി ആയും പ്രവര്‍ത്തിക്കുന്നു.
ഹൂസ്റ്റണില്‍ പിറന്ന ഫോമായുടെ മറ്റൊരു ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും കണ്‍വന്‍ഷന്‍ വിജയകരമാക്കുന്നതിനായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും ജോയി പറഞ്ഞു. വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡിയത്തിന് തൊട്ട് എതിര്‍വശത്തുള്ള ‘വിന്‍ഡം ഹൂസ്റ്റണ്‍’ ഹോട്ടലില്‍ 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് 2026-ലെ ഫോമാ ഫാമിലി ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്.
കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനുള്ള എല്ലാവിധ ആത്യാധുനിക സൗകര്യങ്ങളുമുള്ളതാണ് വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയം. 2500 പേര്‍ക്ക് ഇരിക്കാവുന്ന തീയേറ്റര്‍ സൗകര്യമുള്ള ഹാള്‍, യുവജനങ്ങള്‍ക്കായി 700 പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള ഹാള്‍ എന്നിവയ്ക്ക് പുറമെ വിവിധ മീറ്റിങ്ങുകള്‍ക്കായി 12-ഓളം ഹാളുകളും 1000 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഏരിയയും, 1250 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ലോട്ടും നേരത്തെതന്നെ ബുക്ക് ചെയ്തിട്ടുണ്ട്.
ഫോമയുടെ നൂറിലധികം അംഗസംഘടനകളില്‍ നിന്നുമായി 2500-ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന വിപുലമായ കണ്‍വന്‍ഷനാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു. കൂടാതെ, നാട്ടില്‍നിന്നും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ കണ്‍വന്‍ഷനില്‍ ഉണ്ടായിരിക്കും. വിപുലമായ കലാ-സാംസ്‌കാരിക പരിപാടികള്‍ കണ്‍വന്‍ഷന്‍ സായാഹ്നങ്ങള്‍ക്ക് കൊഴുപ്പേകും.
വിവിധ റീജിയനുകള്‍ തമ്മിലുള്ള കലാമത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ബിസിനസ് രംഗത്ത് മാതൃകാപരമായ മുന്നേറ്റങ്ങള്‍ നടത്തിയവരെയും പുരസ്‌കാരം നല്‍കി ആദരിക്കുന്നതാണ്. ആവേശകരമായ ചീട്ടുകളി, ചെസ്സ്, ചെണ്ടമേളം തുടങ്ങിയ മത്സരങ്ങളും മെഗാതിരുവാതിരയും കേരളത്തനിമയോടെയുളള ഘോഷയാത്രയും കണ്‍വന്‍ഷന്റെ പ്രത്യേകതകളാണ്. വിശദമായ പ്രോഗ്രാം പിന്നാലെ അറിയിക്കുന്നതാണ്.
ഫാമിലി കണ്‍വന്‍ഷന് മുന്നോടിയായി ഫോമായുടെ കേരള കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. 2026 ജനുവരി 9-ാം തീയതിയാണ് അക്ഷര നഗരിയായ കോട്ടയത്തെ വിന്‍ഡ്‌സര്‍ കാസില്‍ ഹോട്ടലില്‍ ഫോമാ കേരള കണ്‍വന്‍ഷന് തിരിതെളിയുക. രണ്ടാം ദിവസമായ ജനുവരി 10-ാം തീയതി ശനിയാഴ്ച വേമ്പനാട്ട് കായലിലൂടെയുള്ള ആവേശകരമായ ബോട്ട് ക്രൂയിസാണ്. 11-ാം തീയതി എറണാകുളം ഗോകുലം പാര്‍ക്കില്‍ വച്ച് ബിസിനസ് മീറ്റും നടത്തും. പ്രമുഖ സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനായ പീറ്റര്‍ കുളങ്ങരയാണ് കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍.
ഹൂസ്റ്റണ്‍ ഫാമിലി കണ്‍വന്‍ഷന്റെ പുതിയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരനും ജനറല്‍ കണ്‍വീനര്‍ ജോയി എന്‍ സാമുവലിനും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Subin Kumaran and Joy N Samuel elected as Fomaa family convention 2026,new convention chairman, general convener respectively













