തിരുവനന്തപുരം: പെയ്തിറങ്ങിയ മഴയ്ക്കു മുന്നില്‍ തിരുവനന്തപുരം കൊമ്പന്‍സ് പകച്ചു നിന്നപ്പോള്‍ കിട്ടിയ അവസരം ഗോളാക്കി മാറ്റി തൃശൂര്‍ മാജിക് എഫ്‌സിയുടെ വിജയക്കുതിപ്പ് . സൂപ്പര്‍ ലീഗ് കേരളാ തിരുവനന്തപുരം കൊമ്പന്‍സ് തൃശൂര്‍ മാജിക് എഫ്‌സി പോരാട്ടത്തില്‍ 12-ാം മിനിറ്റില്‍ നേടിയ ഗോളില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തിരുവനന്തപുരം കൊമ്പന്‍സിനെതിരേ (1-0 )ജയം.
കളിയുടെ ആദ്യ പത്തു മിനിറ്റില്‍ കൊമ്പന്‍സിന്റെ ആധിപത്യം. തുടര്‍ച്ചയായ മുന്നേറ്റത്തിനിടെ മൂന്നു കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഒരെണ്ണം പോലും ഗോളാക്കി മാറ്റാന്‍ കൊമ്പന്‍സിനു കഴിഞ്ഞില്ല. എന്നാല്‍ കളിയുടെ 12-ാം മിനിറ്റില്‍ കിട്ടിയ അവസരം തൃശൂര്‍ മുതലാക്കി ഗോള്‍ സ്വന്തമാക്കി.
മാജിക് എഫ്‌സിയുടെ എസ്.കെ ഫായിസ് എടുത്ത കോര്‍ണര്‍ എത്തിയത് ഘാനതാരം ഫ്രാന്‍സീസ് ആഡോയുടെ തലയിലേക്ക്. ഒന്നാം പോസ്റ്റിനു മുന്നില്‍ നിന്ന ആഡോ പന്ത് മനോഹരമായി രണ്ടാം പോസ്റ്റിനു മുന്നിലുണ്ടായിരുന്ന ബ്രസീലിയന്‍ താരം മെയില്‍സണ്‍ ആല്‍വ്‌സിനു മുന്നിലേക്ക് മറിച്ചു. പോസ്റ്റിനു മുന്നില്‍ നിന്ന മെയില്‍സണ്‍ കൊമ്പന്‍സിന്റെ പ്രതിരോധ നിരയെയും ഗോളി ആര്യന്‍ ആഞ്ജനേയനേയും കാഴ്ച്ചക്കാരാക്കി കൊമ്പന്‍സിന്റെ ഗോള്‍ വല കുലുക്കി. തുടര്‍ന്ന് കൊമ്പന്‍സ് സമനില ഗോളിനും തൃശൂര്‍ മാജിക് എഫ്‌സി ലീഡ് ഉയര്‍ത്താനുമുള്ള ശ്രമത്തിലും ഇരു ഗോള്‍ മുഖത്തേയ്ക്കും പന്തുകള്‍ എത്തി.
കളിയുടെ 38-ാം മിനിറ്റില്‍ കൊമ്പന്‍സിന്റെ അതിമനോഹരമായ ഒരു മുന്നേറ്റം തൃശൂര്‍ ഗോളി തടുത്തു. മൈതാനത്തിന്റെ മധ്യഭാഗത്തു നിന്നും പന്തുമായി പാഞ്ഞ ബ്രസീലിയന്‍ താരം റൊണാള്‍ഡ് മെലോകോസ്റ്റയുടെ ലോംഗ് റേഞ്ച് ഷോട്ട് തൃശൂര്‍ ഗോളി തട്ടിയകറ്റി രക്ഷപെടുത്തി. തുടര്‍ന്നു കിട്ടിയ കോര്‍ണര്‍ കിക്കും കൊമ്പന്‍സ് പാഴാക്കിക്കളഞ്ഞു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ തൃശൂര്‍ ഒരു ഗോളിനു മുന്നില്‍.
രണ്ടാം പകുതിയില്‍ കളി അല്പം പരുക്കനാക്കിയതിന് തൃശൂരിന്റെ അലന്‍ ജോണിന് യല്ലോകാര്‍ഡ് കിട്ടി. മത്സരത്തിന്റെ 48-ാം മിനിറ്റില്‍ കൊമ്പന്‍സിന്റെ ഔതമര്‍ ബിസ്‌പോയെ വീഴ്ത്തിയതിനാണ് കാര്‍ഡ് കിട്ടിയത്. 65-ാം മിനിറ്റില്‍ കൊമ്പന്‍സിന്റെ മുന്നേറ്റ നിരയിലെ ബിബിന്‍ ബോബന്‍ പരിക്കേറ്റ് പുറത്തുപോയി. 68-ാം മിനിറ്റില്‍ മുന്നേറ്റ നിരയില്‍ എം വിഗ്നേഷിനേയും പ്രതിരോധനിരയില്‍ അഫിന്‍മോനയെും കൊമ്പന്‍സ് ഇറക്കി.
74-4ം മിനിറ്റില്‍ റൊണാള്‍ഡ് മെലോകോസ്റ്റയുടെ സുന്ദരമായ മുന്നേറ്റത്തിന് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. തൃശൂര്‍ താരത്തിനെ ഫൗള്‍ചെയ്തതിനു കൊമ്പന്‍സിന്റെ വിഗ്നേഷിനു ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചു. സമനില ഗോളിനായി കൊമ്പന്‍സ് താരങ്ങള്‍ തുടര്‍ച്ചയായ മുന്നേറ്റം നടത്തിയെങ്കിലും തൃശൂരിന്റെ പ്രതിരോധത്തില്‍ തട്ടി നിന്നു. മത്സരം പൂര്‍ത്തിയായപ്പോള്‍ 1-0 ന് തൃശൂരിന് വിജയം. മൂന്നു മത്സരങ്ങളില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ രണ്ടാം തോല്‍വിക്കാണ് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
super-league-kerala-magic-fc-crushes-kompan