തിരുവനന്തപുരം: രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന ബ്രസീല്‍ താരം പൗലോ വിക്ടറിന്റെ ഗോളില്‍ തിരുവനന്തപുരം കൊമ്പന്‍സിന് ജയം (10). സൂപ്പര്‍ ലീഗ് കേരളയിലെ രണ്ടാം റൗണ്ട് ഒന്നാം മത്സരത്തില്‍ ഫോഴ്സ കൊച്ചിക്കെതിരെയാണ് കൊമ്പന്‍സ് വിജയം നേടിയത്. ലീഗില്‍ കൊമ്പന്‍സിന്റെ ആദ്യ ജയമാണിത്. ഫോഴ്സ കൊച്ചിയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും.
അഞ്ചാം മിനിറ്റില്‍ ഇടതു വിങിലൂടെ മുന്നേറി കൊമ്പന്‍സിന്റെ അണ്ടര്‍ 23 താരം അക്ഷയ് നടത്തിയ ഗോള്‍ ശ്രമം ഫോഴ്സ കൊച്ചി ഗോള്‍ കീപ്പര്‍ റഫീഖ് അലി സര്‍ദാറിന്റെ കൈകളില്‍ അവസാനിക്കുന്നത് കണ്ടാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മത്സരം ചൂടുപിടിച്ചത്. തകര്‍ത്തു കളിക്കുകയായിരുന്ന അക്ഷയ് പതിനാറാം മിനിറ്റില്‍ തന്നെ പരിക്കറ്റ് മടങ്ങി. പകരമെത്തിയത് മുഹമ്മദ് ഷാഫി.
പത്തൊന്‍പതാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയക്ക് തൊട്ടടുത്ത് നിന്ന് ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ പാട്രിക് മോട്ട പോസ്റ്റിന് മുന്നിലേക്ക് അടിച്ചു നല്‍കിയെങ്കിലും കണക്ട് ചെയ്യാന്‍ അവിടെയുണ്ടായിരുന്ന കൊമ്പന്‍സിന്റെ മൂന്ന് താരങ്ങള്‍ക്കും സാധിച്ചില്ല. കൗണ്ടര്‍ അറ്റാക്കിലൂടെ ഫോഴ്സ കൊച്ചി നടത്തിയ ശ്രമങ്ങള്‍ക്കൊന്നും തന്നെ കൊമ്പന്‍സ് പോസ്റ്റില്‍ പന്തെത്തിക്കാന്‍ കരുത്തില്ലാതെ പോയി. ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ കൊച്ചി ഗോള്‍ കീപ്പര്‍ റഫീഖ് അലി സര്‍ദാര്‍, കൊമ്പന്‍സ് താരങ്ങളായ പാട്രിക് മോട്ട, ഷാനിദ് വാളന്‍ എന്നിവര്‍ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പാട്രിക് മോട്ടയെ ഫൗള്‍ ചെയ്ത ഫോഴ്സ കൊച്ചിയുടെ ഗിഫ്റ്റി ഗ്രേഷ്യസിനും റഫറിയുടെ മഞ്ഞ ശിക്ഷ ലഭിച്ചു. അന്‍പത്തിനാലാം മിനിറ്റില്‍ ഫോഴ്സ കൊച്ചിയുടെ ബ്രസീലിയന്‍ താരം ഡഗ്ലസ് റോസ നാല് എതിര്‍താരങ്ങള്‍ക്ക് ഇടയില്‍ നിന്ന് പറത്തിയ കനത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. അറുപത്തി മൂന്നാം മിനിറ്റില്‍ ഫോഴ്സ കൊച്ചി റിജോണ്‍ ജോസ്, ഡഗ്ലസ് റോസ എന്നിവരെ പിന്‍വലിച്ച് ലൂയിസ് റോഡ്രിഗസ്, റിന്റെയ്താന്‍ ഷെയ്‌സ എന്നിവരെ കളത്തിലിറക്കി. തൊട്ടു പിന്നലെ കൊമ്പന്‍സ് പൗലോ വിക്ടര്‍, ഖാലിദ് റോഷന്‍, കാര്‍വാലോ ലിമ എന്നിവര്‍ക്കും അവസരം നല്‍കി.
കൊമ്പന്‍സ് കോച്ചിന്റെ സബ്സ്റ്റിട്യൂഷന്‍ തന്ത്രം വിജയിച്ചു. എഴുപത്തിനാലാം മിനിറ്റില്‍ കൊമ്പന്‍സ് ഗോള്‍ നേടി. ഇടതു വിങിലൂടെ മുന്നേറി മൂന്ന് പ്രതിരോധക്കാര്‍ക്ക് ഇടയില്‍ നിന്ന് മുഹമ്മദ് അസ്ഹര്‍ നല്‍കിയ പന്ത് പകരക്കാരനായി വന്ന ബ്രസീല്‍ താരം പൗലോ വിക്ടര്‍ ഹെഡ് ചെയ്ത് ഫോഴ്സ കൊച്ചിയുടെ വലയിലെത്തിച്ചു (10). ഗോള്‍ തിരിച്ചടിക്കാനുള്ള ഫോഴ്സ കൊച്ചിയുടെ ശ്രമങ്ങള്‍ കൊമ്പന്‍സ് പ്രതിരോധം കൃത്യമായി തടഞ്ഞതോടെ മത്സരം 1-0 എന്ന സ്‌കോറില്‍ ഫൈനല്‍ വിസിലായി. 6452 കാണികള്‍ ഇന്നലെ മത്സരം കാണാനെത്തി.
സ്തനാര്‍ബുദ ബോധവല്‍ക്കരണത്തി ന്റെ ഭാഗമായി കൊമ്പന്‍സ് പിങ്ക് ജേഴ്സിയിലാണ് കളത്തിലിറങ്ങിയത്.
Super League Kerala: Paulo Victor’s header gives Kochi a win