വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സുപ്രീം കോടതിയില്‍ വീണ്ടും തിരിച്ചടി. ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ലിസ കുക്കിനെ പുറത്താക്കിയ നടപടി കോടതി അംഗീകരിച്ചില്ല. കുക്കിനെ ഗവര്‍ണറായി തുടരാന്‍ അനുവാദം നല്‍കുകയും, ട്രംപിനെ ഇത്തരത്തിലുള്ള നീക്കത്തില്‍ നിന്ന് വിലക്കുകയും ചെയ്തു. ട്രംപ് ഭരണകൂടത്തിന്റെ ലിസ കുക്കിനെ എത്രയും വേഗം നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ഇത് കടുത്ത തിരിച്ചടിയാണ്. കേസുമായി ബന്ധപ്പെട്ട വാദം സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റിവെച്ചു.
ലിസ കുക്കിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നതിന് അനുകൂലമായ കീഴ്ക്കോടതി വിധി തടയണോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു. ഭവന വായ്പാച്ചട്ടങ്ങളില്‍ ബോധപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന ആരോപണത്തിലാണ് ഓഗസ്റ്റില്‍ ട്രംപ് ലിസ കുക്കിനെ പുറത്താക്കിയത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് കേന്ദ്രബാങ്കിന്റെ ഗവര്‍ണറെ പദവിയില്‍ നിന്ന് നീക്കുന്നത്. ഫെഡറല്‍ റിസര്‍വിന്റെ ആദ്യ കറുത്ത വര്‍ഗക്കാരി ഗവര്‍ണറായിരുന്ന ലിസ കുക്ക്, പ്രസിഡന്റിന് അധികാരമില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വാദിച്ച് കോടതിയെ സമീപിച്ചിരുന്നു.
കീഴ്ക്കോടതി ലിസയ്ക്ക് അനുകൂലമായ വിധി പറഞ്ഞു, തന്റെ പുറത്താക്കല്‍ നിയമവിരുദ്ധമാണെന്ന വാദം ശരിവെച്ചു. ഈ ഉത്തരവിനെതിരെ ട്രംപ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ജനുവരിയില്‍ ട്രംപിന്റെ വാദങ്ങള്‍ കോടതി കേള്‍ക്കും.