ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കുന്ന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കേന്ദ്രസർക്കാരിന്റെ മനോഭാവമാണ് തടസ്സമെന്ന് സുപ്രീംകോടതി. പരമ്പരാഗത രീതികളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറല്ലെന്ന് കോടതി വിമർശിച്ചു. തൂക്കിക്കൊല്ലുന്നതിന് പകരം വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തതിനെ തുടർന്നാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്.
‘തൂക്കിലിട്ട് വധശിക്ഷ നടപ്പാക്കുന്നത് പഴഞ്ചൻ സമ്പ്രദായമാണ്. കാലത്തിനനുസരിച്ച് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന അവസ്ഥയിലേക്ക് സർക്കാർ വളർന്നിട്ടില്ല’ എന്നും ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.
തൂക്കിലേറ്റി ശിക്ഷ നടപ്പാക്കണോ കുത്തിവെപ്പിലൂടെ മരണം വരിക്കണോയെന്ന സാധ്യതയെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് നൽകണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ഋഷി മൽഹോത്ര ആവശ്യപ്പെട്ടു. കുത്തിവെപ്പിലൂടെ വധശിക്ഷ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാർ വാദിച്ചു. ഏത് രീതിയിൽ ശിക്ഷ നടപ്പാക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുറ്റവാളികൾക്ക് നൽകാൻ കഴിയില്ല. അത് സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾക്ക് കീഴിലുള്ള കാര്യമാണെന്നും സർക്കാർ വ്യക്തമാക്കി.
തൂക്കിലേറ്റിയുള്ള വധശിക്ഷ വലിയ വേദനയ്ക്കും യാതനകൾക്കും കാരണമാകുന്നതായി ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. കുത്തിവെപ്പിലൂടെയോ വെടിവെച്ചോ ഗ്യാസ് ചേംബറിൽ അടച്ചോ ആണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ വധശിക്ഷ നടപ്പാക്കപ്പെടും. തൂക്കിലേറ്റിയുള്ള വധശിക്ഷ പൂർത്തിയാക്കാൻ 40 മിനിറ്റെങ്കിലും വേണ്ടിവരും. അമേരിക്കയിലെ 50-ൽ 49 സംസ്ഥാനങ്ങളിലും കുത്തിവെപ്പിലൂടെയാണ് വധശിക്ഷ നടപ്പാക്കുന്നത്. തൂക്കിലേറ്റിയുള്ള വധശിക്ഷ ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയിലെ 21-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.
Supreme Court criticizes central government’s attitude as obstacle to changing India’s traditional death penalty system













