ആർഎസ്എസ് നേതാക്കളുടെ ചരിത്രം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കുമെന്നത് സുരേന്ദ്രന്റെ സ്വപ്നം, പുസ്തകം തയ്യാറാക്കുക കേരളം, പിഎം ശ്രീ പദ്ധതിയിൽനിന്ന് ഏത് സമയത്തും പിന്മാറാം: മന്ത്രി

ആർഎസ്എസ് നേതാക്കളുടെ ചരിത്രം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കുമെന്നത് സുരേന്ദ്രന്റെ സ്വപ്നം, പുസ്തകം തയ്യാറാക്കുക കേരളം, പിഎം ശ്രീ പദ്ധതിയിൽനിന്ന് ഏത് സമയത്തും പിന്മാറാം: മന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചെങ്കിലും പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അനുസരിച്ച് പാഠപുസ്തകങ്ങൾ തയ്യാറാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നും, പിഎം ശ്രീ പദ്ധതിയിൽനിന്ന് ഏത് സമയത്തും പിന്മാറാൻ കേരളത്തിന് അവകാശമുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൻഇപിയിൽ പറയുന്ന എട്ട് കാര്യങ്ങളും കേരളം മുൻപേ നടപ്പാക്കിയിട്ടുണ്ടെന്നും, പദ്ധതി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി നേതാവ് കെ സുരേന്ദ്രന്റെ, എൻഇപി വഴി ആർഎസ്എസ് നേതാക്കളുടെ ചരിത്രം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കുമെന്ന പ്രസ്താവനയെ മന്ത്രി രൂക്ഷമായി വിമർശിച്ചു. ഇത് സുരേന്ദ്രന്റെ വെറും സ്വപ്നം മാത്രമാണെന്നും കേരളത്തിൽ അത്തരം ശ്രമങ്ങൾ നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ 3.80 കോടി പാഠപുസ്തകങ്ങൾ അച്ചടിച്ച് കഴിഞ്ഞതായും, 11, 12 ക്ലാസുകളിലേക്കുള്ള പുതുക്കിയ പാഠപുസ്തകങ്ങൾ തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ തെറ്റായ ഉള്ളടക്കം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ, കേരളം ബദൽ പാഠപുസ്തകങ്ങൾ ഇറക്കി പരീക്ഷ നടത്തിയ ചരിത്രവും മന്ത്രി ഓർമിപ്പിച്ചു.

കേന്ദ്രസർക്കാരിൽനിന്ന് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് ഉപേക്ഷിക്കാനാകില്ലെന്നും, 47 ലക്ഷത്തോളം വിദ്യാർഥികളെ ഇത് നേരിട്ടും പരോക്ഷമായും ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ ഫണ്ട് പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST
More Articles
Top