ചണ്ഡീഗഡിൽ കെജ്‌രിവാളിന് ‘7-സ്റ്റാർ മാളിക’, കെജ്‌രിവാളിനെതിരെ എ.എ.പി. രാജ്യസഭാ എം.പി. സ്വാതി മലിവാൾ

ചണ്ഡീഗഡിൽ കെജ്‌രിവാളിന്  ‘7-സ്റ്റാർ മാളിക’, കെജ്‌രിവാളിനെതിരെ എ.എ.പി. രാജ്യസഭാ എം.പി. സ്വാതി മലിവാൾ

ഡൽഹി : ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി എ.എ.പി. രാജ്യസഭാ എം.പി. സ്വാതി മലിവാൾ രംഗത്ത്. പഞ്ചാബ് സർക്കാർ ചണ്ഡീഗഡിൽ കെജ്‌രിവാളിന് “7-സ്റ്റാർ മാളിക” അനുവദിച്ചു നൽകിയെന്ന് സ്വാതി ആരോപിച്ചു.

എക്‌സിലെ ഒരു പോസ്റ്റിലാണ് മലിവാൾ അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ചത്:

“ഡൽഹിയിലെ ശീഷ് മഹൽ ഒഴിഞ്ഞ ശേഷം, അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിലേതിനേക്കാൾ ഗംഭീരമായ ഒരു ശീഷ് മഹൽ പഞ്ചാബിലെ ചണ്ഡീഗഡിൽ പണികഴിപ്പിച്ചു,”

“ചണ്ഡീഗഡിലെ സെക്ടർ 2-ൽ, സി.എം. ക്വാട്ടയിലുള്ള 2 ഏക്കറിലധികം വരുന്ന ആഡംബര ‘7-സ്റ്റാർ സർക്കാർ മാളിക’ അരവിന്ദ് കെജ്‌രിവാൾ ജിക്ക് അനുവദിച്ചു നൽകിയിരിക്കുന്നുവെന്നും മലിവാൾ ആരോപിച്ചു.

കെജ്‌രിവാളിന് വേണ്ടി പഞ്ചാബ് സർക്കാർ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്നും പാർട്ടി ആവശ്യങ്ങൾക്കായി അദ്ദേഹം കഴിഞ്ഞ ദിവസം ഒരു സർക്കാർ പ്രൈവറ്റ് ജെറ്റിൽ യാത്ര ചെയ്തെന്നും രാജ്യസഭാ എം.പി ആരോപിച്ചു.

“കഴിഞ്ഞ ദിവസം, അംബാലയിലേക്ക് പോകാൻ അദ്ദേഹം സർക്കാർ ഹെലികോപ്റ്ററിൽ കയറി, തുടർന്ന് അംബാലയിൽ നിന്ന് പഞ്ചാബ് സർക്കാരിന്റെ പ്രൈവറ്റ് ജെറ്റിൽ പാർട്ടി ആവശ്യങ്ങൾക്കായി ഗുജറാത്തിലേക്ക് പോയി.

“പഞ്ചാബ് സർക്കാർ മുഴുവനും ഒരാളെ സേവിക്കാൻ വേണ്ടി മാത്രമായി മാറിയിരിക്കുകയാണ് എന്നും മലിവാൾ കൂട്ടിച്ചേർത്തു.

അരവിന്ദ് കെജ്‌രിവാൾ നേതൃത്വം നൽകുന്ന എ.എ.പി.യാണ് പഞ്ചാബിൽ ഭരണത്തിലുള്ളത്. ഈ സർക്കറിനെതിരെയാണ് ആരോപണം.

ഡൽഹി മുഖ്യമന്ത്രിയായിരിക്കെ, സിവിൽ ലൈൻസിലെ 6, ഫ്ലാഗ് സ്റ്റാഫ് റോഡിലുള്ള വസതിയുടെ നവീകരണവുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെതിരെ ബി.ജെ.പി. വലിയ വിമർശനം ഉന്നയിച്ചിരുന്നു. ഈ ബംഗ്ലാവിനെ ‘ശീഷ് മഹൽ’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പി. കെജ്‌രിവാളിനെ അവിടെ താമസിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നവീകരണത്തിലെ “ക്രമക്കേടുകളും ചെലവ് വർദ്ധനവും” അന്വേഷിക്കാൻ 2022-ൽ ഡൽഹി സർക്കാരിന്റെ വിജിലൻസ് വകുപ്പ് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയുടെ നിർദ്ദേശപ്രകാരം അന്വേഷണം തുടങ്ങിയിരുന്നു.

Share Email
Top