ന്യൂഡൽഹി: താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഡൽഹിയിൽ വിളിച്ചുചേർത്ത ആദ്യ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് ക്ഷണം ലഭിക്കാതെ പോയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രിയങ്ക ഗാന്ധി അടക്കമുള്ളവർ കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നതോടെ താലിബാനും സമ്മർദ്ദത്തിലായിരുന്നു. എന്നാൽ ഇന്ന് വിളിച്ചു ചേർത്ത രണ്ടാമത്തെ വാർത്താസമ്മേളനത്തിൽ താലിബാൻ വിദേശകാര്യമന്ത്രി ആ ‘ക്ഷീണം’ തീർത്തു.
ഇന്ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്കും ക്ഷണമുണ്ടായിരുന്നു. ക്ഷണം സ്വീകരിച്ച് എത്തിയ വനിതാ മാധ്യമപ്രവർത്തകർ മുൻനിരയിൽതന്നെ ഇരിക്കുകയും താലിബാൻ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. ഇന്ത്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തിയതിന് പിന്നാലെയാണ് മുത്തഖി മാധ്യമങ്ങളെ കണ്ടത്. ഈ വാർത്താസമ്മേളനത്തിൽ പുരുഷ-വനിതാ മാധ്യമപ്രവർത്തകർ ഒരുമിച്ച് സന്നിഹിതരായിരുന്നു.
താലിബാന്റെ പ്രവർത്തനങ്ങളിൽ സ്ത്രീകളെ ബോധപൂർവം മാറ്റിനിർത്തുന്നില്ലെന്ന് മുത്തഖി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സ്ത്രീകൾക്ക് വിദ്യാഭ്യാസം ‘ഹറാമായി’ (നിഷിദ്ധം) പ്രഖ്യാപിച്ചിട്ടില്ലെന്നും, തങ്ങളുടെ സ്കൂളുകളിൽ 10 ദശലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നും അതിൽ 2.8 ദശലക്ഷം പെൺകുട്ടികളാണെന്നും മുത്തഖി പറഞ്ഞു. ആദ്യ വാർത്താസമ്മേളനത്തിൽനിന്ന് വനിതകളെ മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്നും, പെട്ടെന്ന് വിളിച്ച വാർത്താസമ്മേളനമായതിനാൽ വന്ന സാങ്കേതിക പ്രശ്നം മാത്രമായിരുന്നുവെന്നും മുത്തഖി വിശദീകരിച്ചു.
താലിബാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ, എംബസിയിലെ സമ്മേളന ഹാളിൽ താലിബാൻ പതാകയും സ്ഥാപിച്ചു. ആദ്യമായാണ് താലിബാന്റെ പതാക എംബസിയിൽ വെക്കുന്നത്. ഡൽഹിയിലെ കൂടിക്കാഴ്ചയിൽ ചബഹാർ തുറമുഖമടക്കം സുപ്രധാന വിഷയങ്ങൾ ചർച്ചയായെന്ന് അമീർ ഖാൻ മുത്തഖി പറഞ്ഞു.
വിവാദങ്ങളും പ്രതികരണങ്ങളും
താലിബാൻ അധികാരമേറ്റതിന് ശേഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിൽ, പൊതുജീവിതം തുടങ്ങിയ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നുണ്ട്. നേരത്തെ വാർത്താസമ്മേളനം വിവാദമായതോടെ വിമർശനങ്ങൾ ഉയർന്നപ്പോൾ, വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിൽ തങ്ങൾക്ക് പങ്കില്ലെന്നും വാർത്താസമ്മേളനവുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വിഷയത്തിൽ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവർത്തകർ രംഗത്തെത്തിയിരുന്നു. താലിബാന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ പ്രതിഫലനമാണിതെന്ന് അവർ പ്രതികരിച്ചു. ഇന്ത്യയിൽ ഇത്തരത്തിലുള്ള വിവേചനപരമായ നയങ്ങൾക്ക് അവസരം നൽകിയ കേന്ദ്ര സർക്കാരിനെയും വനിതാ മാധ്യമപ്രവർത്തകർ വിമർശിച്ചിരുന്നു.
സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി. പറഞ്ഞു. എല്ലായിടത്തും തുല്യപങ്കാളിത്തത്തിന് സ്ത്രീകൾക്ക് അർഹതയുണ്ട്. വിവേചനങ്ങൾക്കെതിരെയുള്ള മൗനം, നാരീശക്തി മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു. ഇത്തരം വിമർശനങ്ങൾക്ക് പിന്നാലെയാണ് മുത്തഖിയുടെ ഇന്നത്തെ വാർത്താസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകരും പങ്കെടുത്തത്.
Taliban Foreign Minister Amir Khan Muttaqi, amidst controversy over the exclusion of women journalists from his first press conference in Delhi, invited female reporters to his second briefing.













