തളിപ്പറമ്പ് തീപിടിത്തം: അമ്പതോളം കടകൾ കത്തിനശിച്ചു; തീ നിയന്ത്രണ വിധേയം, അന്വേഷണം പ്രഖ്യാപിച്ച് കളക്ടർ

തളിപ്പറമ്പ് തീപിടിത്തം: അമ്പതോളം കടകൾ കത്തിനശിച്ചു; തീ നിയന്ത്രണ വിധേയം, അന്വേഷണം പ്രഖ്യാപിച്ച് കളക്ടർ

കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വൻ തീപിടിത്തത്തിൽ തീ പൂർണമായും നിയന്ത്രണ വിധേയമായി. സംഭവത്തിൽ അമ്പതോളം കടകൾ കത്തിനശിച്ചതായി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നെത്തിയ 15 ഫയർഫോഴ്‌സ് യൂണിറ്റുകളാണ് തീ അണച്ചത്. തീപിടിത്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും നഷ്ടപരിഹാരം കണക്കാക്കുമെന്നും കളക്ടർ വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് വൈകീട്ട് നാലരയോടെയാണ് ദേശീയ പാതയ്ക്ക് സമീപം തളിപ്പറമ്പ് ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന കെ.വി കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്. അറുപതിലേറെ കടകളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, സമീപത്തെ ട്രാൻസ്‌ഫോമറിൽ നിന്നും തീപ്പൊരി തെറിച്ചാണ് തീ ആളിപ്പടർന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീപിടിത്തത്തിൽ ഈ ട്രാൻസ്‌ഫോമറും നശിച്ചു. മൊബൈൽ ഷോപ്പുകൾ, തുണിക്കടകൾ, ചെരുപ്പ് കടകൾ, പച്ചക്കറി കടകൾ, സ്റ്റീൽ പാത്രക്കടകൾ എന്നിവ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ അഗ്നിക്കിരയായി.

തീ പടർന്നുതുടങ്ങിയപ്പോൾത്തന്നെ വ്യാപാരികളും മറ്റും ഇടപെട്ട് ആളുകളെ സമീപത്തെ കടകളിൽ നിന്നും പ്രദേശത്തുനിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ആദ്യ ഘട്ടത്തിൽ തളിപ്പറമ്പിലെ രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, പെരിങ്ങോം, മട്ടന്നൂർ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നും 12 യൂണിറ്റ് ഫയർ യൂണിറ്റുകളും, എയർപോർട്ടിൽ നിന്നുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഫയർ എൻജിനും എത്തിച്ചാണ് തീ പൂർണമായും നിയന്ത്രണത്തിലാക്കിയത്. നഗരത്തിലെ കുടിവെള്ള ടാങ്കറുകളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

തീപിടിത്തത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. വാഹനങ്ങൾ തൃച്ചംബരം വഴിയും മറ്റ് പ്രാദേശിക വഴികളിലൂടെയും തിരിച്ചുവിട്ടു. അപകടത്തെത്തുടർന്ന് നഗരത്തിൽ വൈദ്യുതി പൂർണമായി നിലച്ചു.

അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും കടകളുടെ അകത്തേക്ക് കടക്കാൻ ഫയർഫോഴ്‌സ് യൂണിറ്റുകൾക്ക് കഴിഞ്ഞിരുന്നില്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കടകളും സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നത്. ഇതാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. കൂടാതെ, ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്താൻ വൈകിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Taliparamba fire: Around fifty shops gutted; Fire under control, Collector announces investigation

Share Email
LATEST
More Articles
Top