പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനമെന്ന് ആക്ഷേപം. ദേവനു നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി എന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത് ലഭിച്ചു. ആറൻമുള അഷ്ടമി രോഹിണി വള്ളസദ്യയിൽ ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് ആചാരലംഘനമെന്ന് ക്ഷേത്രം തന്ത്രി കത്തിൽ പറയുന്നു. പരസ്യമായി പരിഹാരക്രിയ നിർദേശിച്ചാണ് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോർഡിന് കത്തയച്ചിരിക്കുന്നത്.
അതേസമയം, ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായെന്നത് വ്യാജ പ്രചാരണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കാന്‍ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമം എന്ന് സിപിഐഎം വിമര്‍ശിച്ചു. ആചാരപ്രകാരം 11. 20 ന് ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം 11.45 നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാനിരുന്നതെന്നും സംഘപരിവാര്‍ മാധ്യമങ്ങളാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സിപിഐഎം പറഞ്ഞു.
ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ പൊറുക്കില്ലെന്ന് ഓര്‍ത്താല്‍ നന്നെന്നും ജില്ലാ കമ്മിറ്റി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി ചൂണ്ടിക്കാണിച്ച് ദേവസ്വം ബോര്‍ഡിന് തന്ത്രി കത്ത് നല്‍കിയിരുന്നു. പിന്നാലെയാണ് വിശദീകരണം.വള്ളസദ്യ ആചാരമനുസരിച്ച് ദേവനു നേദിക്കുന്നതിനു മുന്‍പ് മന്ത്രിക്കു വിളമ്പിയെന്നായിരുന്നു പരാതി. ഇതുശരിവെക്കുന്ന കത്താണ് തന്ത്രി ദേവസ്വം ബോര്‍ഡിന് നല്‍കിയത്. അന്വേഷണത്തില്‍ ആചാരലംഘനം നടന്നതായി വ്യക്തമായെന്നും ശുദ്ധിക്രിയകള്‍ നടത്തണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു. മന്ത്രി വി എന്‍ വാസവനായിരുന്നു വള്ളസദ്യ ഉദ്ഘാടനം ചെയ്തത്. എന്നാല്‍, വിഷയത്തില്‍ തന്ത്രി തന്നെ വിശദീകരണം നല്‍കട്ടെ എന്നായിരുന്നു മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചത്.
അതേസമയം, ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനമാണെന്ന് തന്ത്രി ദേവസ്വം ബോർഡിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.’കഴിഞ്ഞ അഷ്ടമി രോഹിണി നിവേദ്യം ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണം’ എന്ന് കത്തിൽ തന്ത്രി കർശനമായി നിർദേശിക്കുന്നു.
അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവൻ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെ ദേവന് മുന്നിൽ ഉരുളിവെച്ച് എണ്ണപ്പണം സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പരസ്യമായി ചെയ്യണമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 11 പറ അരിയുടെ സദ്യ വയ്ക്കണം. തിടപ്പള്ളിയിൽ ഒരു പറ അരിയുടെ നേദ്യവും നാലു കറിയും പാകംചെയ്യണം. സദ്യ ദേവന് സമർപ്പിച്ച ശേഷം എല്ലാവർക്കും വിളമ്പണം. ഇത്തരം ഒരു അബദ്ധം പറ്റില്ലെന്ന് സത്യം ചെയ്യണം എന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോർഡിന് അയച്ച കത്തിൽ പറയുന്നു.
പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയിൽ ഉരുളിവച്ച് എണ്ണപ്പണം സമർപ്പിക്കണമെന്നും ചടങ്ങുകൾ ആവർത്തിക്കണമെന്നുമാണ് നിർദേശം. മുൻപ് ആചാരലംഘനം നടന്നിട്ടില്ലെന്ന് പള്ളിയോട സേവാസംഘം വാദിച്ചിരുന്നു. എന്നാൽ, തന്ത്രി തന്നെ ലംഘനം സ്ഥിരീകരിച്ചതോടെ പള്ളിയോട സേവാസംഘം വെട്ടിലായി. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്ന് എല്ലാവരും ചേർന്ന് സത്യം ചെയ്യണമെന്നും വിധിപരമായി സദ്യനടത്തുമെന്ന് സത്യം ചെയ്യണമെന്നും തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോർഡിന് അയച്ച കത്തിൽ പറയുന്നു.
Temple Thantri says ritual violation in Aranmula Ashtamirohini Vallasadya













