മാർട്ടിൻ വിലങ്ങോലിൽ
ഡാളസ്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാൾ ഡാളസിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്‌സ് ദേവാലയത്തിൽ (130 Locust Grove Rd., Garland, TX 75043.) ഒക്‌ടോബർ 26 മുതൽ നവംബർ 2 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഭക്തിനിർഭരമായ ശുശ്രൂഷകളോടെ ആചരിക്കുന്നു.
പെരുന്നാളിന്റെ കൊടിയേറ്റ് ചടങ്ങ് ഒക്‌ടോബർ 26 ഞായറാഴ്ച രാവിലെ 11:30-ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കും. അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് തിരുമേനി കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിക്കും.
ഫിലാഡൽഫിയ സെന്റ് തോമസ് പള്ളി അസി. വികാരി റവ. ഫാ. സുജിത് തോമസ് ആണ് ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകളിലെ മുഖ്യ കാർമ്മികനും കൺവെൻഷൻ പ്രഭാഷകനും. ഒക്ടോബർ 31, നവംബർ 1 തീയതികളിൽ സന്ധ്യാ നമസ്‌കാരത്തിനുശേഷം ഫാ. സുജിത് തോമസ് നയിക്കുന്ന കൺവെൻഷൻ പ്രസംഗങ്ങൾ നടക്കും.
പ്രധാന പെരുന്നാൾ ദിവസമായ നവംബർ 2 ഞായറാഴ്ച രാവിലെ 8:30-ന് പ്രഭാത നമസ്‌കാരവും തുടർന്ന് ഫാ. സുജിത് തോമസ് മുഖ്യ കാർമ്മികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയും നടക്കും. 11:30-ന് റാസയും ആശീർവാദവും ഉണ്ടാകും. പെരുന്നാൾ ദിവസമായ നവംബർ 2-ന് ഉച്ചയ്ക്ക് 12:30-ന് എം.ജി.എം. ഹാളിൽ സ്നേഹവിരുന്നോടെ പെരുന്നാൾ സമാപിക്കും.
കൂടാതെ, യുവജന പ്രസ്ഥാനങ്ങളുടെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും പ്രത്യേക ധ്യാനങ്ങൾ നവംബർ 1 ശനിയാഴ്ച ഫാ. സുജിത് തോമസിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
ദേവാലയ വികാരിയും പ്രസിഡന്റുമായ റവ. ഫാ. ജോയൽ മാത്യു, ട്രസ്റ്റി ടോണി ജേക്കബ്, സെക്രട്ടറി ഡെന്നിസ് ഡാനിയേൽ എന്നിവർ പെരുന്നാൾ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. പെരുന്നാൾ ശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ട് തിരുമേനിയുടെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
The 123rd anniversary of the flag raising ceremony at St. Gregorios Church in Dallas will be held on October 26th.












