ക്‌നാനായ കത്തോലിക്ക കോൺഗ്രസ് വെസ്റ്റേൺ ഒന്റാരിയോയുടെ വാർഷിക പൊതുയോഗം ചേർന്നു

ക്‌നാനായ കത്തോലിക്ക കോൺഗ്രസ് വെസ്റ്റേൺ ഒന്റാരിയോയുടെ വാർഷിക പൊതുയോഗം ചേർന്നു

ഒന്റാരിയോ: ക്‌നാനായ കത്തോലിക്ക കോൺഗ്രസ് വെസ്റ്റേൺ ഒന്റാരിയോയുടെ (KCCWO) വാർഷിക പൊതുയോഗം ഒക്ടോബർ 26-ന് (ഞായറാഴ്ച) ലണ്ടനിലെ ക്‌നായി തൊമ്മൻ പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് ഫെബി തൈക്കകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് വൈസ് പ്രസിഡന്റ് സിബി മുളയിങ്കൽ സ്വാഗതം ആശംസിച്ചു.

ജനറൽ സെക്രട്ടറി മജീഷ് കീഴടത്തുമലയിൽ കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടും, ജോയിന്റ് ട്രഷറർ ജിബിൻ പുറത്തേച്ചിറ വാർഷിക കണക്കുകളും പൊതുയോഗത്തിൽ അവതരിപ്പിച്ചു. വുമൺസ് ഫോറം പ്രസിഡന്റ് ജെസ്‌ലി പുത്തൻപുരയും കെ.സി.വൈ.എൽ. പ്രസിഡന്റ് ക്രിസ്റ്റി ആറ്റുമ്മേലും അതത് വിഭാഗങ്ങളുടെ റിപ്പോർട്ടുകൾ സമർപ്പിച്ചു.

ഗ്രേഡ് 8-ലും ഗ്രേഡ് 12-ലും ഗ്രാഡുവേഷൻ പൂർത്തിയാക്കിയ വിദ്യാർത്ഥികളെ യോഗത്തിൽ അഭിനന്ദിക്കുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. സെന്റ് ഹൂദാസ് പള്ളി വികാരി ഫാദർ സജി ചാഴിശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി.

കഴിഞ്ഞ വർഷങ്ങളിൽ സംഘടനയ്ക്ക് വിവിധ മേഖലകളിൽ പിന്തുണ നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. പ്രത്യേകിച്ച്, സംഘടനയുടെ പരിപാടികൾക്ക് സ്പോൺസർഷിപ്പ് നൽകി സഹകരിച്ച അഭിലാഷ് മംഗലത്ത്, ബെനിഷ് മലേപറമ്പിൽ, പ്രീത് പുത്തേട്ട്, മൈക്കിൾ പുത്തൻപറമ്പിൽ എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി അഭിനന്ദനമറിയിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ, കഴിഞ്ഞ വർഷം സംഘടിപ്പിച്ച വിവിധ പരിപാടികളുടെ വിശദമായ അവലോകനവും വരാനിരിക്കുന്ന വർഷത്തേക്കുള്ള പദ്ധതികളും വിശദീകരിച്ചു. കാലാവധി പൂർത്തിയാക്കിയ ഡയറക്ടർ ബോർഡ് ട്രസ്റ്റി സിബു താളിവേലിന് സംഘടനയുടെ പേരിൽ നന്ദി അറിയിച്ച് ഉപഹാരം സമ്മാനിച്ചു. അടുത്ത മൂന്ന് വർഷത്തേക്കുള്ള ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട ജയമോൻ കൈതക്കുഴി സത്യപ്രതിജ്ഞ ചൊല്ലി പദവി ഏറ്റെടുത്തു.

ജോയിന്റ് സെക്രട്ടറി ജോസ് മോൻ തേക്കിലക്കാട്ടിൽ നന്ദി പ്രസംഗം നടത്തിയതോടെ പൊതുയോഗ നടപടികൾക്ക് സമാപനമായി. തുടർന്ന് ഉച്ചഭക്ഷണത്തോടുകൂടി ചടങ്ങുകൾ അവസാനിച്ചു.

The annual general meeting of the Knanaya Catholic Congress Western Ontario was held

Share Email
Top