സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേടിയ കായികതാരം ദേവനന്ദയ്ക്ക് വിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും

സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേടിയ കായികതാരം ദേവനന്ദയ്ക്ക് വിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ്.എസ്. പുല്ലൂരാംപാറയിലെ കായികതാരം ദേവനന്ദ വി. ബിജുവിന് വിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രി ശിവൻകുട്ടി ദേവനന്ദയെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചു. ജൂനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ 24.96 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദേവനന്ദ പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്. 2017-ൽ ആൻസി സോജൻ സ്ഥാപിച്ച 25.13 സെക്കൻഡിന്റെ റെക്കോർഡാണ് ഈ പ്ലസ് ടു വിദ്യാർത്ഥിനി തിരുത്തിയത്. 100 മീറ്ററിലും ദേവനന്ദ സ്വർണ്ണം നേടിയിരുന്നു.

റെക്കോർഡ് നേട്ടത്തിനൊപ്പം ദേവനന്ദയുടെ കായിക ഇച്ഛാശക്തിയും ശ്രദ്ധേയമായി. അപ്പെന്റിസൈറ്റിസ് രോഗം സ്ഥിരീകരിച്ച് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടും, അത് മാറ്റിവെച്ചാണ് ദേവനന്ദ ട്രാക്കിലിറങ്ങിയത്. ഹീറ്റ്‌സ് മത്സരങ്ങൾക്ക് ശേഷം ആശുപത്രിയിൽ പോവുകയും, ഫൈനലിനായി മടങ്ങിയെത്തി ഈ സുവർണ്ണ നേട്ടം കൈവരിക്കുകയുമായിരുന്നു.

ബാർബറായ അച്ഛൻ ബിജുവിന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ വിജിതയുടെയും മകളാണ് ദേവനന്ദ. താരത്തെ നേരിൽ കണ്ടപ്പോൾ സാമ്പത്തിക സാഹചര്യം ബോധ്യപ്പെടുകയും, സ്വന്തമായി ഭൂമിയുണ്ടെങ്കിലും നല്ലൊരു വീടില്ലാത്ത അവസ്ഥ മനസ്സിലാക്കിയതിനെത്തുടർന്നും കേരള സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകാൻ മന്ത്രി നിർദ്ദേശം നൽകി. പ്രതിസന്ധികളെ ഇച്ഛാശക്തികൊണ്ട് മറികടന്ന ദേവനന്ദയ്ക്ക് മന്ത്രി എല്ലാ ഭാവുകങ്ങളും നേർന്നു.

Department of Public Education will build a house for Devananda, the athlete who set a record in the state school athletic meet.

Share Email
LATEST
More Articles
Top