ചെട്ടികുളങ്ങരയിൽ കൈത്താങ്ങ് സേവാഗ്രാമം & പാലിയേറ്റീവ്കെയർ ഒരുക്കുന്ന നാടകോത്സവത്തിന് ഒക്ടോബർ 6ന് തുടക്കമാകും

ചെട്ടികുളങ്ങരയിൽ കൈത്താങ്ങ് സേവാഗ്രാമം & പാലിയേറ്റീവ്കെയർ ഒരുക്കുന്ന നാടകോത്സവത്തിന് ഒക്ടോബർ 6ന് തുടക്കമാകും

ചെട്ടികുളങ്ങര: കുത്തിയോട്ടത്തിന്റെയും കെട്ടുകാഴ്ചയുടെയും നാടായ ചെട്ടികുളങ്ങരയിൽ, കൈത്താങ്ങ് സേവാഗ്രാമം ആൻഡ് പാലിയേറ്റീവ് കെയർ ഒരുക്കുന്ന മൂന്നാമത് പ്രൊഫഷണൽ നാടകോത്സവത്തിന് ഒക്ടോബർ 6ന് തുടക്കമാകും. സി.ജി. ഗോപിനാഥ് നഗറിൽ (ചെട്ടികുളങ്ങര ദിവ്യ ഓഡിറ്റോറിയം) നടക്കുന്ന നാടകോത്സവം, ഒക്ടോബർ 12 വരെ നീണ്ടുനിൽക്കും.
സിനിമാതാരം കോട്ടയം രമേശ് നാടകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

നാടകോത്സവത്തിന്റെ സമാപന സമ്മേളനം നാടക സംവിധായകൻ വക്കം ഷക്കീർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ, സിനിമാതാരം പ്രമോദ് വെളിയനാട് വിശിഷ്ടാതിഥിയായിരിക്കും.
ഡോ. പ്രവീൺ ഇറവങ്കര മുഖ്യപ്രഭാഷണം നടത്തും.
പുരസ്‌കാര ജേതാവ് ചെറുന്നിയൂർ ജയപ്രസാദിനൊപ്പം ഡോ. സി.ജി. രാജേന്ദ്ര ബാബു, രാജു അപ്‌സര എന്നിവരും അതിഥികളായി പങ്കെടുക്കും.

ഈ വർഷത്തെ മികച്ച പ്രൊഫഷണൽ നാടകങ്ങളാണ് അരങ്ങേറുന്നത്. വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന നാടകരാവുകളിൽ തിരുവനന്തപുരം അമ്മ തിയേറ്റർ ഗ്രൂപ്പിന്റെ ‘ഭഗത്‌സിംഗ്’ (മുഹാദ് വെമ്പായം, സുരേഷ് ദിവാകരൻ), തിരുവനന്തപുരം സൗപർണികയുടെ ‘താഴ്‌വാരം’ (അശോക് ശശി), തൃശ്ശൂർ സദ്ഗമയുടെ ‘സൈറൺ’ (ഹേമന്ത് കുമാർ, മനോജ് നാരായണൻ), അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘വാർത്ത’ (മുഹാദ് വെമ്പായം, സുരേഷ് ദിവാകരൻ), കൊല്ലം ആവിഷ്‌കാരയുടെ ‘ഭൂപടം മായുമ്പോൾ'(പ്രദീപ്കുമാർ കാവുന്തറ, രാജീവൻ മമ്മിളി), തിരുവനന്തപുരം നവോദയയുടെ ‘സുകുമാരി’ (പ്രദീപ്കുമാർ കാവുന്തറ, രാജീവൻ മമ്മിളി), കായംകുളം പീപ്പിൾസ് തിയേറ്റേഴ്‌സിന്റെ ‘അങ്ങാടിക്കുരുവികൾ’ (ജീവൻ സാജ്, രാജീവൻ മമ്മിളി) എന്നീ നാടകങ്ങൾ അരങ്ങിലെത്തും. പ്രവേശനം സൗജന്യമാണ്.

നാടകങ്ങൾക്കു പുറമേ, പകൽ സമയങ്ങളിൽ സാംസ്‌കാരിക സദസ്സുകൾ, സെമിനാറുകൾ, നാടകഗാന മത്സരം, കൈകൊട്ടിക്കളി മത്സരം, ചിത്രരചനാ മത്സരം, തിരുവാതിര, മറ്റ് കലാപരിപാടികൾ എന്നിവയും നടക്കും.

നാടകോത്സവ സമാപന ദിവസമായ ഒക്ടോബർ 12ന്, കൈത്താങ്ങ് സേവാഗ്രാമം സി.ജി. ഗോപിനാഥ് സ്മാരക പുരസ്‌കാരം സമ്മാനിക്കും. മലയാള നാടകവേദിക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ചെറുന്നിയൂർ ജയപ്രസാദിനാണ് പുരസ്‌കാരം നൽകുന്നത്.

ഇത് തുടർച്ചയായി മൂന്നാം വർഷമാണ് ചെട്ടികുളങ്ങര കൈത്താങ്ങ് സേവാഗ്രാമം ആൻഡ് പാലിയേറ്റീവ് കെയർ പ്രൊഫഷണൽ നാടകോത്സവരാവുകൾ സംഘടിപ്പിക്കുന്നത്. ഇക്കൊല്ലത്തെ നാടകോത്സവം പൂർവ്വാധികം പ്രൗഢവും ഉജ്ജ്‌ലവും ആക്കുവാനുള്ള പ്രവർത്തനങ്ങളുടെ അവസാന ഘട്ടത്തിലാണെന്ന് കൈത്താങ്ങ് നാടകോത്സവം സംഘാടകസമിതി ചെയർമാൻ രാജേഷ് ഉണ്ണിച്ചേത്ത് , ജനറൽ കൺവീനർ ഗോപാലകൃഷ്ണൻ വൈഷ്ണവം എന്നിവർ പറഞ്ഞു.

The drama festival organized by Kaithangu Sevagramam & Palliative Care in Chettikulangara will begin on October 6th.

Share Email
LATEST
More Articles
Top