ബിബി തെക്കനാട്ട്
ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ വാർഷിക തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നടത്തപ്പെടുന്ന തിരുനാൾ ഒക്ടോബർ എട്ട് മുതൽ 19-ാം തീയതി വരെയാണ് നടക്കുന്നത്. എട്ടാം തീയതി വൈകിട്ട് 6.30ന് വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബർ 18ന് കുർബാനക്കും ശുശ്രൂഷകൾക്കും കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റും തൃശൂർ അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമികനായിരിക്കും. തിരുനാൾ ദിവസമായ ഒക്ടോബർ 19ന് രാവിലെ 9.30ന് ഷിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാനയും മാർ ആൻഡ്രൂസ് താഴത്ത് തിരുനാൾ സന്ദേശവും നൽകുന്നതാണ്. ഈ വർഷത്തെ തിരുനാൾ ഇടവകയിലെ എല്ലാ യുവജനങ്ങളും ചേർന്ന് പ്രസുദേന്തിമാരായാണ് നടത്തുന്നത്.
വിശുദ്ധ കാർലോസ് അക്യുറ്റിസിന്റെ തിരുനാളും ഒക്ടോബർ 12ന് എല്ലാ യുവജനങ്ങളും ചേർന്നാണ് നടത്തുന്നത്. 11, 12 തീയതികളിൽ യുവജനങ്ങൾക്കും കുട്ടികൾക്കുമായി ഇംഗ്ലിഷ് കുർബാനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ശനി, ഞായർ ദിവസങ്ങളിൽ യുവജനധ്യാനം നടത്തപ്പെടുന്നു. ബ്രദർ പ്രിൻസ് വിതയത്തിൽ, ജെറിൻ, നീതു, മിഷനറീസ് ഓഫ് അപ്പോസ്തോലിക് ഗ്രേസ് യു.കെ എന്നിവരാണ് യുവജനധ്യാനം നയിക്കുന്നത്.
19ന് വൈകിട്ട് 6.30ന് കലാസന്ധ്യ മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഒരുക്കങ്ങളെല്ലാം പുരോഗമിക്കുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്തും, അസി.വികാരി ഫാ. ജോഷി വലിയവീട്ടിലും അറിയിച്ചു. കൈക്കാരന്മാരായ ജായിച്ചൻ തയ്യിൽപുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയിൽ, പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയിൽ, സിസ്റ്റർ റെജി എസ്ജെസി, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്
The feast at St. Mary’s Knanaya Catholic Church in Forona begins on October 8th.













