പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ; മുടക്കുന്നവരുടെ കൂടെയല്ല: സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ; മുടക്കുന്നവരുടെ കൂടെയല്ല: സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ, മുടക്കുന്നവരുടെ കൂടെയല്ല’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പങ്കെടുത്ത പുന്നപ്ര-വയലാർ വാർഷിക ദിനാചരണ വേദിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പുന്നപ്ര-വയലാർ സമരസേനാനിയായിരുന്ന വിഎസ് അച്യുതാനന്ദൻ വേർപിരിഞ്ഞ അവസരമാണിതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നാം സ്വയംഭൂവായി എത്തിയതല്ല. അതിനു പിന്നിൽ പുന്നപ്ര-വയലാർ സമരം പോലെയുള്ള ത്യാഗങ്ങളും ക്രൂരമായ അടിച്ചമർത്തലുകളും ഉണ്ട്.

കേരളം രാജ്യത്തിന് അഭിമാനിക്കാൻ വക നൽകുന്ന സംസ്ഥാനമാണ്. കേരളത്തിലെത്തിയപ്പോൾ രാഷ്ട്രപതിയും സംസ്ഥാനത്തെ പ്രകീർത്തിച്ചു. ഭ്രാന്താലയം മനുഷ്യാലയമായതിൻ്റെ ചരിത്രം മറന്നു പോകരുത്. നവോത്ഥാനം വഹിച്ച പങ്ക് പ്രധാനമാണ്. നവോത്ഥാനത്തിന് പിന്തുടർച്ചയുണ്ടായി. അത് മുന്നോട്ട് കൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. ആധുനിക കേരളത്തിന് അടിത്തറയിട്ടത് ഇഎംഎസ് സർക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നടന്നെത്താവുന്നതിലും ദൂരമായിരുന്നു പണ്ട് വിദ്യാഭ്യാസം. എന്നാൽ ഇഎംഎസ് സർക്കാർ സ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കി. ഏതൊരു കുട്ടിക്കും നടന്നെത്താവുന്ന ദൂരത്ത് ഇന്ന് സ്കൂളുകളുണ്ട്. ഇത് നാടിന് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. 1957-ലെ ഇഎംഎസ് സർക്കാർ പോലീസ് നയം അഴിച്ചുപണിത് നവീകരണത്തിന് തുടക്കം കുറിച്ചു. കേരളത്തെ മാറ്റിമറിക്കാൻ ഇത്തരത്തിലുള്ള നടപടികൾ സഹായിച്ചു. അത്തരമൊരു ഘട്ടത്തിലാണ് എൽഡിഎഫ് സർക്കാർ കേരളത്തെ വലിയ തോതിൽ മുന്നോട്ട് നയിച്ചത്. എന്നാൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാം തകരുന്ന കാഴ്ചയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, പിഎം ശ്രീയിൽ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലാണ് സിപിഐ. മുഖ്യമന്ത്രിയുടെ അനുനയത്തിന് സിപിഐ വഴങ്ങിയില്ല. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐയുടെ തീരുമാനം. സംസ്ഥാന എക്‌സിക്യൂട്ടീവിന്റെ തീരുമാനം നടപ്പിലാക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം. സിപിഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ചർച്ചയിൽ പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നാണ് വിവരം.

പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞുനിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ നിർണായക ചർച്ച അൽപ്പസമയം മുൻപാണ് പൂർത്തിയായത്. ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയിൽ തീരുമാനമായില്ലെങ്കിൽ സിപിഐ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പിഎം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നതുവരെ മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് സിപിഐയുടെ തീരുമാനം. എക്‌സിക്യൂട്ടീവ് യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. പദ്ധതിയിൽ നിന്ന് പിന്മാറണമെന്ന ആവശ്യത്തിൽ നിന്ന് അയയേണ്ടതില്ല എന്നാണ് എക്‌സിക്യൂട്ടീവിൽ തീരുമാനമെടുത്തത്.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടു പോകേണ്ടതില്ലെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്ത ശേഷമാണ് സിപിഐഎം ഈ നിലപാടിലെത്തിയത്. തുടർ നടപടികളിൽ തിടുക്കം കാണിക്കേണ്ടെന്നും സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തിലെ ഫയൽ നീക്കത്തിൽ തിടുക്കം കാണിക്കില്ല. പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ല. പദ്ധതി നടപ്പാക്കാൻ മേൽനോട്ട സമിതിയെ നിയോഗിക്കും. ഉടൻ എൽഡിഎഫ് യോഗം ചേരും. എൽഡിഎഫ് യോഗത്തിന് ശേഷം സബ് കമ്മിറ്റി ഉൾപ്പെടെ തീരുമാനിക്കാനും സെക്രട്ടറിയേറ്റിൽ തീരുമാനിച്ചു.

The government is here to implement projects; not with those who obstruct them: Chief Minister indirectly criticizes CPI

Share Email
LATEST
Top