അമേരിക്കൻ മലയാള മാധ്യമ രംഗത്ത് പുതുചരിത്രമെഴുതിയ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കോൺഫറൻസിന് പ്രൗഢോജ്വലമായ കൊടിയിറക്കം

അമേരിക്കൻ മലയാള മാധ്യമ രംഗത്ത് പുതുചരിത്രമെഴുതിയ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക  കോൺഫറൻസിന് പ്രൗഢോജ്വലമായ കൊടിയിറക്കം

സൈമൺ വളാച്ചേരിൽ

ന്യു ജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ.) എഡിസൺ സമ്മേളനം സമാപിച്ചു. ന്യു ജേഴ്‌സി എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ ഒക്ടോബർ 9 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച് 11 ശനിയാഴ്ച വൈകിട്ട് അവസാനിച്ച മൂന്നു ദിവസത്തെ സമ്മേളനം നിരവധി മാധ്യമ ചർച്ചകൾക്കും സമ്മേളനങ്ങൾക്കും കലാവിരുന്നുകൾക്കും സാക്ഷ്യം വഹിച്ചു. അമേരിക്കയിലെ നൂറുകണക്കിന് മലയാള മാധ്യമ പ്രവർത്തകരും കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ-മാധ്യമ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ത്യയിലെ മികച്ച പാർലമെന്റേറിയൻ പുരസ്‌കാരം നേടിയ കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ, റാന്നി എം.എൽ.എ. പ്രമോദ് നാരായൺ എന്നിവർ സമ്മേളനത്തിൽ ഉടനീളം സന്നിഹിതരായിരുന്നു.

ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യം കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണിതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതായി വരികയാണ്. കേരളത്തിലെ പ്രശസ്തരായ മാധ്യമ പ്രതിഭകളെ അമേരിക്കയിലെത്തിച്ച് പ്രവാസി സമൂഹത്തിന് മുമ്പിൽ അവതരിപ്പിച്ചത് അനിതരസാധാരണമായ നേട്ടമാണെന്നും ഐ.പി.സി.എൻ.എയുടെ മാധ്യമ ജാഗ്രതയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമ സംവിധാനം തീവ്രവും സജീവവുമാണ്. അതിന് അതിൻ്റേതായ ഗുണദോഷങ്ങളുണ്ടെങ്കിലും മാധ്യമങ്ങളുടെ വലിയ സംഭാവനകളാണ് കേരളത്തെ വേറിട്ടുനിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാപന സമ്മേളനത്തിന് സ്വാഗതം ആശംസിച്ച ഐ.പി.സി.എൻ.എ. നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മലയാളി സമൂഹത്തിൻ്റെ വളർച്ചയ്‌ക്കൊപ്പം മാധ്യമ പ്രവർത്തനവും അഭിവൃദ്ധിപ്പെട്ടുവെന്ന് വ്യക്തമാക്കി. സംഘടനയുടെ കഴിഞ്ഞ രണ്ടുവർഷക്കാലത്തെ വിജയത്തിന് അഡൈ്വസറി ബോർഡിനും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും നാഷണൽ കമ്മിറ്റിക്കും ചാപ്റ്ററുകൾക്കും സ്‌പോൺസർമാർക്കുമെല്ലാം പടിയിറങ്ങുന്ന പ്രസിഡന്റ് നന്ദി പ്രകാശിപ്പിച്ചു.

ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ അതിശക്തമായി ചോദ്യം ചെയ്യേണ്ടത് മാധ്യമങ്ങളുടെ ധർമമാണെന്ന് പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. ഭരണകർത്താക്കൾ വിമർശനത്തിനതീതരല്ല. വിമർശനത്തെ ഉൾക്കൊള്ളാൻ കഴിയുന്നവരാണ് യഥാർത്ഥ ജനാധിപത്യവാദികൾ. മീഡിയയോട് അസഹിഷ്ണുതയുള്ളവർ ഏകാധിപത്യ ചിന്താഗതികൾ മനസിൽ പേറി നടക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് പതിറ്റാണ്ട് പിന്നിടുന്ന ഐ.പി.സി.എൻ.എയെ കുറിച്ച് തലയുയർത്തി അഭിമാനത്തോടെ അവസരം ലഭിച്ചാൽ താൻ കേരള നിയമസഭയിൽ സംസാരിക്കുമെന്ന് റാന്നി എം.എൽ.എ. പ്രമോദ് നാരായണൻ വ്യക്തമാക്കിയപ്പോൾ സദസിൽ നിറഞ്ഞ കൈയടി ഉയർന്നു.

മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് തൻ്റെ യാത്രാനുഭവം നർമ്മബോധത്തോടെ സദസ്സുമായി പങ്കുവെച്ചു. നാട്ടിൽ നിന്ന് ഇവിടേയ്ക്ക് തിരിക്കുമ്പോൾ ചില ആശങ്കകൾ ഉണ്ടായിരുന്നുവെന്നും അമേരിക്കയിൽ വന്ന മാറ്റങ്ങൾ യാത്രയെ എങ്ങനെ ബാധിക്കുമെന്നറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എയർപോർട്ടിലെ എമിഗ്രേഷനിലെ ഓഫീസറുമായി സംഭാഷണം നടത്തിയതിനെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ അബ്‌ജോദ് വർഗീസ്, 24 സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം, റിപ്പോർട്ടർ ചാനൽ കോഓർഡിനേറ്റിങ് എഡിറ്റർ സുജയ പാർവ്വതി, മാതൃഭൂമി ടി.വി. സീനിയർ സബ് എഡിറ്റർ മോത്തി രാജേഷ് എന്നിവർ ഓർമ്മകളിൽ എന്നും സൂക്ഷിക്കാൻ പറ്റുന്ന ദിവസങ്ങൾ സമ്മാനിച്ച ഐ.പി.സി.എൻ.എയ്ക്ക് നന്ദി അറിയിച്ചു.

ന്യൂസ് 18 കൺസൾട്ടിങ് എഡിറ്റർ ലീൻ ബി. ജെസ്മസ്, ബിലീവേഴ്‌സ് ചർച്ച് മാനേജിങ് ഡയറക്ടർ ഫാ. സിജോ പന്തപ്പള്ളിൽ, ഐ.പി.സി.എൻ.എ. സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, അഡൈ്വസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, ഐ.പി.സി.എൻ.എ. 2026-27 പ്രസിഡൻ്റ് ഇലക്ട് രാജു പള്ളത്ത്, നാഷണൽ വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശാ മാത്യു, ജോയിന്റ് ട്രഷറർ റോയി മുളകുന്നം, കോൺഫറൻസ് ചെയർമാൻ സജി എബ്രഹാം, ഷോളി കുമ്പിളുവേലി തുടങ്ങിയവർ സംസാരിച്ചു. മധു കൊട്ടാരക്കരയും മാത്യു വർഗീസും എം.സിമാരായി പ്രവർത്തിച്ചു.

കേരളത്തിൽ നിന്നും മാധ്യമരംഗത്തെ കുലപതി കുര്യൻ പാമ്പാടി, ജോണി ലൂക്കോസ് (മനോരമ ന്യൂസ്), അബ്‌ജോദ് വർഗീസ് (ഏഷ്യാനെറ്റ് ന്യൂസ്), ഹാഷ്മി താജ് ഇബ്രാഹിം (24 ന്യൂസ്), സുജയ പാർവതി (റിപ്പോർട്ടർ ചാനൽ), മോത്തി രാജേഷ് (മാതൃഭൂമി ടി.വി.), ലീൻ ബി. ജെസ്മസ് (ന്യൂസ് 18) എന്നിവർ മീഡിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ഐ.പി.സി.എൻ.എ. പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, പ്രസിഡൻ്റ് ഇലക്ട് (2026-27) രാജു പള്ളത്ത്, വൈസ് പ്രസിഡന്റ് അനിൽ കുമാർ ആറന്മുള, ജോ. സെക്രട്ടറി ആശാ മാത്യു, ജോ. ട്രഷറർ റോയ് മുളകുന്നം എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

ഒക്ടോബർ 10 വെള്ളിയാഴ്ച പ്രസിഡൻഷ്യൽ നൈറ്റും മ്യൂസിക്കൽ ഗാലയും അരങ്ങേറി. ഇതോടനുബന്ധിച്ച് ഒരുക്കിയ നൃത്തോത്സവത്തിൽ പ്രമുഖ നർത്തകർ പങ്കെടുത്തു.

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി കോൺഫറൻസ് ചെയർമാൻ സജി ഏബ്രഹാം, ജനറൽ കൺവീനർ ഷോളി കുമ്പിളുവേലി (ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്) എന്നിവരടങ്ങുന്ന കോർ കമ്മിറ്റി അംഗങ്ങൾ അഹോരാത്രം പ്രയത്‌നിച്ചു.

റിസപ്ഷൻ/രജിസ്‌ട്രേഷൻ: ബിജു കൊട്ടാരക്കര, കുഞ്ഞുമോൾ വർഗീസ്, ഡോ. തങ്കമണി അരവിന്ദ്. ഗസ്റ്റ് റിലേഷൻസ്: അനിയൻ ജോർജ്, ജിനേഷ് തമ്പി. ടൈം മാനേജ്‌മെന്റ്: റെജി ജോർജ്/ജോർജ് തുമ്പയിൽ. പ്രോഗ്രാം: ടാജ് മാത്യു. ഫുഡ് കമ്മിറ്റി: മധു കൊട്ടാരക്കര, സുനിൽ തൈമറ്റം. ട്രാൻസ്‌പോർട്ടേഷൻ: പിന്റോ ചാക്കോ, അനീഷ് ജെയിംസ്. സേഫ്റ്റി/സെക്യൂരിറ്റി കമ്മിറ്റി: ജിഷോ. സുവനീർ: മാത്തുക്കുട്ടി ഈശോ. ഓഡിയോ വിഷ്വൽ: ജില്ലി സാമുവേൽ എന്നിവർ വിവിധ കമ്മിറ്റികളുടെ ചുമതലകൾ വഹിച്ചു.

The India Press Club of North America (IPCNA) conference concluded, writing new history in the American Malayalam media scene.

Share Email
LATEST
Top