പാലക്കാട്: ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, സ്വയരക്ഷ ഉറപ്പാക്കുന്നതിനായി കുരുമുളക് സ്പ്രേ വാങ്ങിനൽകുന്ന പദ്ധതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) പാലക്കാട് ബ്രാഞ്ച് രംഗത്ത്.
ആക്രമണഭീഷണി നേരിടുന്ന അടിയന്തരഘട്ടങ്ങളിൽ സ്വയരക്ഷ ഉറപ്പുവരുത്താൻ മാത്രമാണിതെന്ന് ഐ.എം.എ. ഭാരവാഹികൾ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാൻ സ്ഥാപനങ്ങളിൽ സംവിധാനമുണ്ടാക്കേണ്ടതിന്റെ ആവശ്യകത അധികാരികളെ ബോധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നും സംഘടന അവകാശപ്പെടുന്നു.
ഐ.എം.എ. പാലക്കാട് ബ്രാഞ്ചിലെ എല്ലാ അംഗങ്ങൾക്കും അടുത്തയാഴ്ച അവസാനത്തോടെ ഓഫീസിൽനിന്ന് കുരുമുളക് സ്പ്രേ കുപ്പികൾ കൈപ്പറ്റാം. ഉപയോഗിക്കേണ്ട സാഹചര്യത്തെക്കുറിച്ച് അംഗങ്ങൾക്ക് അവബോധം നൽകുമെന്നും പ്രസിഡന്റ് ഡോ. ആർ. സത്യജിത്ത്, സെക്രട്ടറി ഡോ. അക്ഷയ് ജയപ്രകാശ് എന്നിവർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
കോഴിക്കോട് താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ കഴിഞ്ഞദിവസം ഒമ്പതു വയസ്സുകാരി മരിച്ചതിനെത്തുടർന്ന് അച്ഛൻ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തെ തുടർന്നാണ് പാലക്കാട് ഐ.എം.എ. ഇങ്ങനെയൊരു നടപടി സ്വീകരിക്കാൻ നിർബന്ധിതരായത്.
The Indian Medical Association (IMA) Palakkad branch is distributing pepper spray to its members for self-defense, in response to increasing attacks on doctors













